2024 പാരീസ് ഒളിമ്പിക്‌സില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. പുരുഷ വോളിബോളില്‍ പൂള്‍ സിയില്‍ നടന്ന ജര്‍മനി-ജപ്പാന്‍ മത്സരത്തിനിടെയാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ പേര് ഒളിമ്പിക്‌സില്‍ നിറഞ്ഞു നിന്നത്. മത്സരത്തിൽ ജപ്പാന്‍ താരമായ യു.ജി നിഷിദ ഒരു പോയിന്റ് നേടിയതിനു ശേഷം റൊണാള്‍ഡോയുടെ ഐക്കോണിക് സെലിബ്രേഷന്‍ ആയ ‘സൂയ്’ അനുകരിക്കുകയായിരുന്നു.
ഫുട്‌ബോളില്‍ പല ലീഗുകളും പല ക്ലബ്ബുകളിലും കളിച്ച റൊണാള്‍ഡോ ഗോള്‍ നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്ന സെലിബ്രേഷന്‍ ആണിത്. ഫുട്‌ബോള്‍ ലോകത്ത് വളരെയധികം തരംഗം സൃഷ്ടിച്ച റൊണാള്‍ഡോയുടെ ഈ സെലിബ്രേഷന്‍ ലോകത്തിലെ കായികോത്സവമായ ഒളിമ്പിക്‌സിന്റെ വേദിയിലും അരങ്ങേറിയത് ഏറെ ശ്രേദ്ധേയമായി.
മത്സരത്തില്‍ ആദ്യ സെറ്റില്‍ 25-17 എന്ന സ്‌കോറിന് ജര്‍മനി മുന്നിലെത്തിയപ്പോള്‍ രണ്ടാം സെറ്റില്‍ 25-23 എന്ന സ്‌കോറിന് ജയിച്ചുകയറി ജപ്പാന്‍ ഒപ്പം പിടിക്കുകയും മൂന്നാം സെറ്റില്‍ 25-20നും കളി അവസാനിപ്പിച്ചുകൊണ്ട് ജപ്പാന്‍ 2-1ന് മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റില്‍ 30-28ന് ജര്‍മനി സമനില പിടിക്കുകയായിരുന്നു. ഒടുവില്‍ വാശിയേറിയ അവസാന സെറ്റില്‍ അവസാന സെറ്റില്‍ 15-12നായിരുന്നു ജര്‍മനി വിജയിച്ചു കയറിയത്.
അതേസമയം റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം പുതിയ സീസണില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെയായിരുന്നു അല്‍ നസര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൊണാള്‍ഡോയും സംഘവും ഈ സീസണില്‍ ബൂട്ട് കെട്ടുക.
അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പർതാരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.
എന്നാല്‍ ഈ യൂറോ കപ്പില്‍ രണ്ട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ അല്‍ നസര്‍ നായകന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത ആറു പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ തുര്‍ക്കിക്കെതിരെ നേടിയ അസിസ്റ്റിന് പിന്നാലെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരമായി മാറാനും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. യൂറോകപ്പില്‍ റൊണാള്‍ഡോ എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.
Content Highlight: Cristaino Ronaldo Iconic Celebration Imitate Japan Volleyball Player In Paris Olympics 2024