റൊണാൾഡോക്ക് ലോകറെക്കോഡ്, ചരിത്രത്തിലെ ആദ്യ താരം; സ്പെയിൻ, ഇംഗ്ലണ്ട്, ഇറ്റലി, സൗദി...എല്ലാം ഇങ്ങേരുടെ കാൽചുവട്ടിൽ
Football
റൊണാൾഡോക്ക് ലോകറെക്കോഡ്, ചരിത്രത്തിലെ ആദ്യ താരം; സ്പെയിൻ, ഇംഗ്ലണ്ട്, ഇറ്റലി, സൗദി...എല്ലാം ഇങ്ങേരുടെ കാൽചുവട്ടിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 9:00 am

2023-24 സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തില്‍ അല്‍ നസറിന് മിന്നും ജയം. അല്‍ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ തകര്‍ത്തു വിട്ടത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 45+3, 69 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.

ഇതോടെ 35 ഗോളുകളും 13 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ ഈ സീസണില്‍ നേടിയത്. ഇതോടെ സൗദി ലീഗിലെ ടോപ് സ്‌കോറര്‍ ആവാനും അല്‍ നസര്‍ നായകന് സാധിച്ചു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്.

ഇതിന് മുമ്പ് സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് തവണയാണ് റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയത്. സിരി എയില്‍ യുവന്റസിനൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും റൊണാള്‍ഡോ ടോപ് സ്‌കോറര്‍ നേട്ടം സ്വന്തമാക്കിയിരുന്നു.

റൊണാള്‍ഡോക്ക് പുറമേ 79ാംമിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അബ്ദുല്‍ റഹ്‌മാന്‍ ഖരീബും ഇഞ്ചുറി ടൈമില്‍ മേശാരി അല്‍ നെമറും അല്‍ നസറിനായി ഗോളുകള്‍ നേടി.

ഫറാ അലി സെയ്ദ് ശര്‍മാണി 88, ഫാബിഞ്ഞോ 90+2 എന്നിവരായിരുന്നു അല്‍ ഇത്തിഹാദിനായി ഗോളുകള്‍ നേടിയത്.

സൗദി ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 26 ജയവും നാല് വീതം തോല്‍വിയും സമനിലയുമായി 82 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍ ഫിനിഷ് ചെയ്തത്. മെയ് 31ന് നടക്കുന്ന കിങ്‌സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Cristaino Ronaldo Historical Achievement in Football