മെസി ചാന്റ് വിവാദം; റൊണാൾഡോക്ക് എട്ടിന്റെ പണി കിട്ടി
Football
മെസി ചാന്റ് വിവാദം; റൊണാൾഡോക്ക് എട്ടിന്റെ പണി കിട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th February 2024, 11:52 am

അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സൗദി ലീഗിലെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിലക്ക്. സൗദി പ്രോ ലീഗില്‍ ഫെബ്രുവരി 25 നടന്ന മത്സരത്തില്‍ അല്‍ ഷബാബ് ആരാധകര്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പേര് ഗ്യാലറിയില്‍ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ റൊണാള്‍ഡോ ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന് വിലക്ക് നേരിടേണ്ടി വന്നത്. സൗദി പ്രോ ലീഗില്‍ വരാനിരിക്കുന്ന അല്‍ ഹസം, അല്‍ റയെദ് എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളാണ് റൊണാള്‍ഡോക്ക് നഷ്ടമാവുക.

അതേസമയം മത്സരത്തില്‍ അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപെടുത്തിയത്.

മത്സരത്തിന്റെ 21ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് റൊണാള്‍ഡോയാണ് അല്‍ നസറിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ യാനിക്ക് കറാസ്‌കോ അല്‍ ഷബാബിനായി മറുപടി ഗോള്‍ നേടി ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം പകുതിയില്‍ 46, 86 മിനിട്ടുകളില്‍ ബ്രസീലിയന്‍ താരം ടാലിസ്‌ക നേടിയ ഇരട്ടഗോളിലൂടെ അല്‍ നസര്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. 67ാം മിനിട്ടില്‍ കാര്‍ലോസിലൂടെയാണ് അല്‍ ഷബാബ് രണ്ടാം ഗോള്‍ നേടിയത്.

ജയത്തോടെ സൗദി ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 52 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനും റൊണാള്‍ഡോക്കും കൂട്ടര്‍ക്കും സാധിച്ചു.

Content Highlight: Cristaino Ronaldo have suspended for two Matches in SPL