'റോണോ നിങ്ങൾ വീണ്ടും അത്ഭുതപ്പെടുത്തുന്നു' കളത്തിലിറങ്ങും മുമ്പേ സൗദിയിൽ തരംഗമായി; വീഡിയോ
Football
'റോണോ നിങ്ങൾ വീണ്ടും അത്ഭുതപ്പെടുത്തുന്നു' കളത്തിലിറങ്ങും മുമ്പേ സൗദിയിൽ തരംഗമായി; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 11:41 am

സൗദി സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറും. ഓഗസ്റ്റ് 14ന് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ താവൂണിനെയാണ് റൊണാള്‍ഡോയും സംഘവും നേരിടുന്നത്.

ഇപ്പോഴിതാ ഈ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ സ്‌കില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരിശീലനത്തിനിടെ റൊണാള്‍ഡോ തന്റെ സഹതാരത്തിന് ഒരു ബാക്ക് ഹീലിലൂടെ പന്ത് കൈമാറുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ 39ാം വയസിലും റൊണാള്‍ഡോയുടെ തളരാത്ത ബൂട്ടുകളില്‍ നിന്നും മികച്ച ഇത്തരം സ്‌കില്ലുകള്‍ കാണാന്‍ സാധിക്കുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അതേസമയം പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൗദി വമ്പന്മാര്‍ക്ക് സാധിച്ചിരുന്നില്ല. എഫ്.സി പോര്‍ട്ടോക്കെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസര്‍ പരാജയപ്പെട്ടത്. ഇതിനുമുമ്പ് നടന്ന മത്സരങ്ങളിൽ പോര്‍ട്ടിമോണന്‍സിനെതിരെയും ഗ്രനാഡക്കെതിരെയും ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ നസര്‍ തോല്‍വി നേരിട്ടിരുന്നു.

അല്‍ നസറിന് കഴിഞ്ഞ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ലൂയിസ് കാസ്‌ട്രോയുടെ കീഴില്‍ സൗദി പ്രോ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടിയെടുക്കാന്‍ അല്‍ നസറിന് സാധിച്ചിരുന്നില്ല. 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് വീതം തോല്‍വിയും സമനിലയുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്.

സൗദി വമ്പന്‍മാരുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ 2025 അവസാനം വരെയാണ് ഉള്ളത്. ഇതിനുശേഷം പോര്‍ച്ചുഗീസ് ഇതിഹാസവുമായി അല്‍ നസര്‍ വീണ്ടും കരാറില്‍ ഏര്‍പ്പെടുമോ എന്ന് കണ്ടു തന്നെ അറിയണം.

അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

 

Content Highlight: Cristaino Ronaldo Great Skill Video in Practice Time Goes Viral