പോർച്ചുഗലിന്റെ ഉസൈൻ ബോൾട്ട് ഇങ്ങേര് തന്നെ; യൂറോകപ്പിൽ റൊണാൾഡോക്ക് സ്വപ്നനേട്ടം
Football
പോർച്ചുഗലിന്റെ ഉസൈൻ ബോൾട്ട് ഇങ്ങേര് തന്നെ; യൂറോകപ്പിൽ റൊണാൾഡോക്ക് സ്വപ്നനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 5:41 pm

യൂറോ കപ്പിലെ പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരെയുള്ള മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റോടെയാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമാണ് പറങ്കിപ്പട പരാജയപ്പെടുത്തിയത്. എന്നാല്‍ അവസാന മത്സരത്തില്‍ ജോര്‍ജിയയോട് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വി പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയിരുന്നു.

മറുഭാഗത്ത് ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് സമനിലയോടെ മൂന്നാം സ്ഥാനക്കാരായാണ് സ്ലോവേനിയ യോഗ്യത നേടിയത്. ആവേശകരമായ ഈ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് പോര്‍ച്ചുഗല്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നത്.

യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ താരം എന്ന നേട്ടത്തോടെയാണ് റൊണാള്‍ഡോ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി തയ്യാറെടുക്കുന്നത്. ഈ യൂറോ കപ്പില്‍ മണിക്കൂറില്‍ 32.7 കിലോമീറ്ററാണ് റൊണാള്‍ഡോയുടെ വേഗതയായി രജിസ്റ്റര്‍ ചെയ്തത്.

ഈ യൂറോ കപ്പില്‍ ഒരുപിടി യുവ താരങ്ങളാണ് മിന്നും പ്രകടനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും നേടാന്‍ സാധിക്കാത്ത വേഗതയുടെ ഈ നേട്ടം തന്റെ 39 വയസില്‍ റൊണാള്‍ഡോ സ്വന്തമാക്കിയത് ഏറെ ശ്രദ്ധേയമാണ്.

അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളുകള്‍ ഒന്നും നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചില്ലെങ്കിലും ഒരുപിടി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അല്‍ നസര്‍ നായകന് സാധിച്ചിരുന്നു. തുര്‍ക്കിക്കെതിരെയുള്ള മത്സരത്തില്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഗോളാക്കി മാറ്റാന്‍ ലഭിച്ച സുവര്‍ണാവസരം തന്റെ സഹതാരമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് നല്‍കിക്കൊണ്ട് റൊണാള്‍ഡോ ഒരു തകര്‍പ്പന്‍ അസിസ്റ്റ് നേടിയിരുന്നു.

ഇതോടെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന ചരിത്ര നേട്ടവും റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു. ഇതിനോടകം തന്നെ എട്ട് അസിസ്റ്റുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തമാക്കിയിട്ടുള്ളത്.  ചെക്ക് റിബ്ലിക്കിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ആറ് വ്യത്യസ്ത പതിപ്പുകള്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.

 

Content Highlight: Cristaino Ronaldo Great Record in Euro Cup