2024ലും വേട്ട തുടങ്ങി റൊണാൾഡോ; ഒറ്റ ഗോളിൽ പിറന്നത് ഒന്നൊന്നര നേട്ടങ്ങൾ
Football
2024ലും വേട്ട തുടങ്ങി റൊണാൾഡോ; ഒറ്റ ഗോളിൽ പിറന്നത് ഒന്നൊന്നര നേട്ടങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th February 2024, 4:20 pm

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് അണ്ടര്‍ 16 ആദ്യ ലെഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. അല്‍ ഫെയ്ഹയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ അല്‍ നസറിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തിയത്. 2002 മുതല്‍ 2024 വരെ എല്ലാ കലണ്ടര്‍ ഇയറിലും ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ക്ലബ്ബ് തലത്തില്‍ റൊണാള്‍ഡോയുടെ 1000 മത്സരമായിരുന്നു ഇത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 1000 ക്ലബ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടവും ഈ 39കാരന്‍ സ്വന്തമാക്കി.

മത്സരത്തില്‍ നേടിയ ഏകഗോളിന് പിന്നാലെ ഈ സീസണില്‍ 26 മത്സരങ്ങളില്‍ നിന്നും 25 ഗോളുകളും 11 അസിസ്റ്റുകളും ആക്കി ഉയര്‍ത്താന്‍ റൊണാള്‍ഡോക്ക് സാധിച്ചു.

പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-3 എന്ന ഫോര്‍മേഷനിലായിരുന്നു അല്‍ ഫെയ്ഹ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമായിരുന്നു അല്‍ നസര്‍ പിന്തുടര്‍ന്നത്.

ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 81ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോ മത്സരത്തിലെ ഏക ഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ നസര്‍ വിജയിക്കുകയായിരുന്നു. സൗദി പ്രോ ലീഗില്‍ ഫെബ്രുവരി 17നാണ് അല്‍ ഫത്തേഹിനെതിരെയാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം.

Content Highlight: Cristaino Ronaldo great performance in al Nassr