റോണോക്ക് ഡബിള്‍, ഒപ്പം തകര്‍പ്പന്‍ റെക്കോഡും; അല്‍ നസര്‍ കുതിക്കുന്നു
Football
റോണോക്ക് ഡബിള്‍, ഒപ്പം തകര്‍പ്പന്‍ റെക്കോഡും; അല്‍ നസര്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2023, 7:52 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വമ്പന്‍ ജയം. അല്‍ ഇത്തിഹാദിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ അല്‍ നസറിനായി ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയത്. ഒരിക്കല്‍ക്കൂടി റൊണാള്‍ഡോ തന്റെ ഗോളടിമികവ് ആവര്‍ത്തിച്ചപ്പോള്‍ ബെന്‍സിമക്കും കൂട്ടര്‍ക്കും എതിരെ തകര്‍പ്പന്‍ ജയം റോണോയും കൂട്ടരും സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ നേടിയ ഇരട്ട ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോക്ക് സാധിച്ചു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കാലെടുത്തുവെച്ചത്.

ഈ വര്‍ഷം ക്ലബ്ബ് തലത്തിലും ദേശീയ ടീമിനായും 53 ഗോളുകളാണ് റൊണാള്‍ഡോ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. അല്‍ നസറിനായി ഈ സീസണില്‍ 23 മത്സരങ്ങളില്‍ നിന്നും 22 ഗോളുകളും 11 അസിസ്റ്റുകളും നേടി കൊണ്ട് മികച്ച പ്രകടനങ്ങളാണ് ഈ 38 കാരന്‍ കാഴ്ചവെക്കുന്നത്.

അല്‍ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ട് ആയ പ്രിന്‍സ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19, 68 എന്നീ മിനിട്ടുകളില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു റൊണാള്‍ഡോ ഗോളുകള്‍ നേടിയത്. റൊണാള്‍ഡോക്ക് പുറമേ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ 75′, 82′ എന്നീ മിനിട്ടുകളില്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി. 38ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം ടാലിസ്‌കയുടെ വകയായിരുന്നു സൗദി വമ്പന്‍മാരുടെ മറ്റ് ഗോള്‍.

അതേസമയം മത്സരത്തില്‍ 14′, 51′ മിനിട്ടുകളില്‍ അബ്ദേര്‍റസാക്ക് ഹംദള്ളാഹ് ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിലെ വിജയത്തിലെത്തിക്കാനുള്ള പ്രകടനം മറ്റു താരങ്ങളുടെ ഭാഗത്തുനിന്നും പുറത്തെടുക്കാന്‍ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് നല്‍കിയത്. 66ാം മിനിട്ടില്‍ അല്‍ ഇത്തിഹാദ് താരം ഫാബിഞ്ഞോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതും ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-2ന്റെ തകര്‍പ്പന്‍ ജയം റൊണാള്‍ഡോയും കൂട്ടരും സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ സൗദി ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 14 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും നാല് സമനിലയും ആറ് തോല്‍വിയും അടക്കം 28 പോയിന്റുമായി ആറാം സ്ഥാനത്താണ് ഇത്തിഹാദ്.

സൗദി ലീഗില്‍ ഡിസംബര്‍ 30ന് അല്‍ ടാവോണിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അതേസമയം അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ അല്‍ തായ് ആണ് അല്‍ ഇതിഹാദിന്റെ എതിരാളികള്‍.

Content Highlight: Cristaino ronaldo great performance and al nassr won.