| Wednesday, 12th June 2024, 7:54 am

യൂറോകപ്പിന് മുമ്പേ റൊണാൾഡോക്ക് ചരിത്രനേട്ടം; 21 വർഷത്തെ ഫുട്‍ബോളിലെ ഏകാധിപതി പോർച്ചുഗീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയം. അയര്‍ലാന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പറങ്കിപ്പട തകര്‍ത്തു വിട്ടത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ജാവോ ഫെലിക്‌സ് ആയിരുന്നു മത്സരത്തിലെ ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ 50, 60 മിനിട്ടുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.

അയര്‍ലാന്‍ഡിന്റെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും തന്റെ ഇടതുകാല്‍ കൊണ്ട് ഒരു തകര്‍പ്പന്‍ കര്‍വ് ഷോട്ടിലൂടെയാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പത്ത് മിനിട്ടുകള്‍ക്ക് ശേഷം ഐറിസ് പണിയുടെ ബോക്‌സില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം രണ്ടാം ഗോളും നേടി.

ഇതോടെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം 131 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. തന്റെ ഫുട്‌ബോള്‍ കരിയറിലെ ഗോളുകളുടെ എണ്ണം 896 ആക്കി മാറ്റാനും അല്‍ നസര്‍ നായകന് സാധിച്ചു. നാലു ഗോള്‍ കൂടി വരും മത്സരങ്ങളിൽ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 900 കരിയര്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാള്‍ഡോയ്ക്ക് സാധിക്കും.

അയര്‍ലാന്‍ഡിനെതിരെ നേടിയ ഈ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ മറ്റൊരു ഫുട്‌ബോള്‍ താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു ചരിത്ര നേട്ടവും റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു. ദേശീയ ടീമിനുവേണ്ടി തുടര്‍ച്ചയായ 21 വര്‍ഷങ്ങളില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ പുരുഷതാരം എന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസ് ഇതിഹാസനായകന്‍ നടന്നു കയറിയത്.

2003ല്‍ കസാക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ആയിരുന്നു റൊണാള്‍ഡോ പറങ്കിപ്പടയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീടുള്ള നീണ്ട 21 വര്‍ഷങ്ങളായി തന്റെ ഗോളടി മികവ് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ റൊണാള്‍ഡോ തുടരുകയായിരുന്നു.

റൊണാള്‍ഡോയുടെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന യൂറോകപ്പിലും പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സിയില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.


തന്റെ ഫുട്‌ബോള്‍ കരിയറിലെ ആറാം യൂറോ മാമാങ്കത്തിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളിലായിരുന്നു റൊണാള്‍ഡോ ഇതിനുമുമ്പ് യൂറോ കപ്പില്‍ പന്ത് തട്ടിയത്. ഇതില്‍ 2016ല്‍ പോര്‍ച്ചുഗലിനൊപ്പം യൂറോകപ്പ് സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു.

യൂറോയോഗ്യത മത്സരങ്ങളില്‍ പത്തില്‍ പത്തു മത്സരങ്ങളും വിജയിച്ചു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്. യോഗ്യതാ മത്സരങ്ങളിലും റൊണാള്‍ഡോയുടെ റൊണാള്‍ഡോയുടെ ഗോളടി മികവിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചിരുന്നു. ഗോളുകള്‍ ആയിരുന്ന താരം യോഗ്യത മത്സരങ്ങളില്‍ അടിച്ചുകൂട്ടിയത്.

അതേസമയം യൂറോ കപ്പില്‍ ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുന്നത്. റെഡ്ബുള്‍ റീനയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

Content Highlight: Cristaino Ronaldo great performance against Ireland

We use cookies to give you the best possible experience. Learn more