സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് ചരിത്രവിജയം. അബയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തു വിട്ടത്. സൗദി പ്രോ ലീഗിലെ അല്‍ നസറിന്റെ ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കും രണ്ട് അസിസ്റ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ 11, 23, 42 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. രണ്ട് ഗോളുകള്‍ ഫ്രീകിക്കിലൂടെ ആയിരുന്നു റൊണാള്‍ഡോ നേടിയത്. തന്റെ കരിയറിലെ 65ാം ഹാട്രിക്കും 63ാം ഫ്രീക്കിക്ക് ഗോളും ആയിരുന്നു ഇത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു പിടി റെക്കോഡ് നേട്ടങ്ങളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തിയത്. മത്സരത്തില്‍ നേടിയ രണ്ട് അസിസ്റ്റുകള്‍ക്ക് പിന്നാലെ ഫുട്‌ബോള്‍ കരിയര്‍ റൊണാള്‍ഡോ 250 അസിസ്റ്റുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് നടന്നു കയറിയത്.
ഇതിനുപുറമേ ഒരു പിടി മികച്ച നേട്ടങ്ങളും റൊണാള്‍ഡോ സ്വന്തമാക്കി.
സൗദി പ്രോ ലീഗില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ഹാട്രിക്, സൗദി ലീഗിലെ ഈ സീസണിലെ ടോപ് സ്‌കോര്‍, ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരം, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ താരം എന്നീ അവിസ്മരണീയ നേട്ടങ്ങളും റൊണാള്‍ഡോ സ്വന്തമാക്കി.
അതേസമയം പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീമുകളും അണിനിരന്നത്. റൊണാള്‍ഡോയ്ക്ക് പുറമേ സാദിയോ മാനെ 33, അബ്ദുല്‍ മജീദ് അല്‍ സുലൈഹീം 44, അബ്ദുല്‍ റഹ്‌മാന്‍ കരീബ് 51, അബ്ദുല്‍ അസീസ് അല്‍ ഐവ 63, 86 എന്നിവരായിരുന്നു സൗദി വമ്പന്‍മാരുടെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.