| Tuesday, 1st October 2024, 9:24 am

ഈ ഗോൾ ഞാൻ അദ്ദേഹത്തിന് സമർപ്പിക്കുന്നു; കളിക്കളത്തിൽ വികാരഭരിതനായി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ റയാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ നസര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി ഗോള്‍ നേടിയിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 76ാം മിനിട്ടിൽ ആയിരുന്നു റൊണാൾഡോ ഗോൾ നേടിയത്. അൽ നസറിനായി റൊണാൾഡോ നേടുന്ന 71ാം ഗോളായിരുന്നു ഇത്.

ഗോള്‍ നേടിയതിന് ശേഷമുള്ള റൊണാള്‍ഡോയുടെ വൈകാരികമായ സെലിബ്രേഷനാണ് ഏറെ ശ്രേദ്ധേയമായത്. ഗോള്‍ നേടിയതിന് ശേഷം റൊണാള്‍ഡോ തന്റെ കൈകള്‍ വായുവിലേക്ക് ഉയര്‍ത്തി തന്റെ മരിച്ചുപോയ പിതാവിന് സമര്‍പ്പിക്കുകയായിരുന്നു . റൊണാള്‍ഡോയുടെ പിതാവായ ജോസ് ഡിനിസ് ആല്‍വീറോക്ക്  71 വയസ് തികയുന്ന ദിവസമായിരുന്നു ഇത്.

മത്സരശേഷം റൊണാള്‍ഡോ ഈ നിമിഷത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

‘ഇന്നത്തെ ഈ ഗോളിന് വ്യത്യസ്തമായ ഒരു രുചിയുണ്ട്. ഇന്ന് എന്റെ പിതാവിന്റെ ജന്മദിനമായതിനാല്‍ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം മത്സരത്തില്‍ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോളിലൂടെ അല്‍ നസറാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മാനെയുടെ ഗോള്‍ പിറന്നത്. പിന്നീട് റൊണാള്‍ഡോയുടെ ഗോളിലൂടെ സൗദി വമ്പന്മാര്‍ വീണ്ടും മുന്നിലെത്തുകയായിരുന്നു. മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ റോഗര്‍ ഗുഡെസിലൂടെ അല്‍ റയാന്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു.

ജയത്തോടെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചു.

സൗദി പ്രൊ ലീഗില്‍ നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ് അല്‍ നസര്‍. സൗദി ലീഗില്‍ ഒക്ടോബര്‍ അഞ്ചിന് അല്‍ ഒറോബക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവ്വാല്‍ പാര്‍ക്കിലാണ് മത്സരം നടക്കുക.

Content Highlight: Cristaino Ronaldo Dedicated his Goal for His Father

We use cookies to give you the best possible experience. Learn more