| Friday, 23rd August 2024, 8:15 am

ഒറ്റ ഗോളിൽ ചരിത്രമെഴുതി റൊണാൾഡോ; ഇനി സൗദിയും ഇങ്ങേരുടെ കാൽചുവട്ടിൽ

സ്പോര്‍ട്സ് ഡെസ്‌ക്

2024 സൗദി പ്രോ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ അല്‍ നസറിന് സമനിലക്കുരുക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ റെയ്ദിനെതിരെയുള്ള മത്സരത്തിലാണ് സൗദി വമ്പന്മാര്‍ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരം സമനിലയായെങ്കിലും പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയറില്‍ ഒരു പുതിയ നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുകയാണ്.

മത്സരത്തില്‍ അല്‍ നസറിനായി ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ 34ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റൊണാള്‍ഡോ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

ഈ ഗോളിന് പിന്നാലെ സൗദി പ്രോ ലീഗില്‍ 50 ഗോളുകള്‍ എന്ന പുതിയ മൈല്‍സ്റ്റോണിലേക്കാണ് റൊണാള്‍ഡോ കാലെടുത്തുവെച്ചത്. 2023ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദിയിലെത്തിയ റൊണാള്‍ഡോ 48 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ നേടുന്ന താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

അതേസമയം റൊണാള്‍ഡോയുടെ ഗോളില്‍ ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് അൽ നസർ സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മുഹമ്മദ് ഫൗസൈറിലൂടെ അല്‍ റെയ്ദ് സമനില പിടിക്കുകയായിരുന്നു. 49ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് താരം ടീമിന് സമനില നേടിക്കൊടുത്തത്.

എന്നാല്‍ മത്സരത്തില്‍ 76ാം മിനിട്ടില്‍ റൊണാള്‍ഡോ അല്‍ നസറിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും നേരിയ വ്യത്യാസത്തില്‍ ഓഫ് സൈഡ് ആവുകയായിരുന്നു. ഇതോടെ ഒരു നിമിഷം അല്‍ നസര്‍ മത്സരം തിരിച്ചുപിടിച്ചുവെന്ന് ആരാധകര്‍ ചിന്തിച്ചു. എന്നാല്‍ സൗദി വമ്പന്‍മാര്‍ക്കെതിരായി റഫറി ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു.

മത്സരത്തില്‍ 73 ശതമാനവും ബോള്‍ പൊസഷനും അല്‍ നസറിന്റെ അടുത്തായിരുന്നു. 28 ഷോട്ടുകളാണ് എതിര്‍ പോസ്റ്റിലേക്ക് റൊണാള്‍ഡോയും സംഘവും അടിച്ചുകൂട്ടിയത്. ഇതില്‍ എട്ടെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഏഴ് ഷോട്ടുകളില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ അല്‍ റെയ്ദിന് സാധിച്ചു.

ഓഗസ്റ്റ് 27നാണ് റൊണാള്‍ഡോയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയാണ് അല്‍ നസറിന്റെ എതിരാളികള്‍.

Content Highlight: Cristaino Ronaldo Create A New Record in Football

We use cookies to give you the best possible experience. Learn more