ഇങ്ങനെയൊരു റെക്കോഡ് ഫുട്ബോളിൽ ആദ്യം; ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ
Football
ഇങ്ങനെയൊരു റെക്കോഡ് ഫുട്ബോളിൽ ആദ്യം; ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th September 2024, 8:29 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ തകര്‍ത്തുവിട്ടത്.

അല്‍ അവാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയിലെ 41ാം മിനിട്ടില്‍ എയ്ഞ്ചലോ ഗബ്രിയേലിലൂടെയാണ് അല്‍ നസര്‍ ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനായി രണ്ടാം ഗോളും നേടി.

56ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചു കൊണ്ടായിരുന്നു റൊണാള്‍ഡോ അല്‍ നസറിനായി ഗോള്‍ നേടിയത്. അല്‍ നസറിനു വേണ്ടി റൊണാള്‍ഡോ നേടുന്ന 70ാം ഗോള്‍ ആയിരുന്നു ഇത്.

ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. നാലു വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി 70 ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസിന്റെ ഇതിഹാസം കാലെടുത്തുവെച്ചത്.

ഇതിനോടകം തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് റൊണാള്‍ഡോ 70ലധികം ഗോളുകള്‍ അടിച്ചുകൂട്ടിയത്. റയലിനു വേണ്ടി 450 ഗോളുകളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളുമാണ് റൊണാള്‍ഡോ നേടിയത്. യുവന്റസിനായി 101 തവണയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു.

അടുത്തിടെ റൊണാള്‍ഡോ ഫുട്‌ബോളില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഗോൾ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രം നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം ഈ തകര്‍പ്പന്‍ വിജയത്തോടെ സൗദി പ്രോ ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 30നാണ് റൊണാള്‍ഡോയും കൂട്ടരും തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. അല്‍ അവാൽ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ റയാനാണ് അല്‍ നസറിന്റെ എതിരാളികള്‍.

 

Content Highlight: Cristaino Ronaldo Create a New Record in Football