സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. അബയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രികും രണ്ട് അസിസ്റ്റും നേടി പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ 11, 23, 42 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. ഇതില്‍ രണ്ട് ഗോളുകള്‍ ഫ്രീകിക്കിലൂടെ ആയിരുന്നു റൊണാള്‍ഡോ നേടിയത്. തന്റെ കരിയറിലെ 65ാം ഹാട്രിക്കും 63ാം ഫ്രീക്കിക്ക് ഗോളും ആയിരുന്നു ഇത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഫുട്‌ബോള്‍ കരിയറില്‍ വ്യത്യസ്തമായ 12 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷങ്ങളിലും രണ്ടിലധികം ഹാട്രിക്കുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 2010 2024 വരെയുള്ള വ്യത്യസ്ത കലണ്ടര്‍ ഇയറുകളിലാണ് റൊണാള്‍ഡോ 2+ ഹാട്രിക് നേടിയത്.
റൊണാള്‍ഡോ ഹാട്രിക് നേടിയ വര്‍ഷം, എത്ര തവണ ഹാട്രിക് നേടി എന്നീ ക്രമത്തില്‍
2010-4
2011-9
2012-4
2013-6
2014-4
2015-7
2016-6
2017-2
2018-2
2022-2
2023-3
2024-3
സൗദി ലീഗില്‍ ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളും 12 അസിസ്റ്റുകളുമാണ് സൗദി വമ്പന്മാര്‍ക്കൊപ്പം റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
അതേസമയം പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീമുകളും അണിനിരന്നത്. റൊണാള്‍ഡോയ്ക്ക് പുറമേ സാദിയോ മാനെ 33, അബ്ദുല്‍ മജീദ് അല്‍ സുലൈഹീം 44, അബ്ദുല്‍ റഹ്‌മാന്‍ കരീബ് 51, അബ്ദുല്‍ അസീസ് അല്‍ ഐവ 63, 86 എന്നിവരായിരുന്നു അല്‍ നസറിന്റെ മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.
ഈ വമ്പന്‍ ജയത്തോടെ സൗദി ലീഗില്‍ 26 മത്സരങ്ങളില്‍ നിന്നും 20 ജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 62 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
ഏപ്രില്‍ ആറിന് ഡമാക്കിനെതിരെയാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയം ആണ് വേദി.
Content Highlight: Cristaino Ronaldo create a new record in football