റൊണാൾഡോ കീഴടക്കാത്ത മണ്ണില്ല! ചരിത്രനേട്ടം കൈപ്പിടിയിലാക്കി; സൗദിയിലെ ഒരേയൊരു രാജാവ് പോർച്ചുഗീസ് ഇതിഹാസം
Football
റൊണാൾഡോ കീഴടക്കാത്ത മണ്ണില്ല! ചരിത്രനേട്ടം കൈപ്പിടിയിലാക്കി; സൗദിയിലെ ഒരേയൊരു രാജാവ് പോർച്ചുഗീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 7:41 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. അല്‍ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ തകര്‍ത്തു വിട്ടത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 45+3, 69 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.

ഇതോടെ ഈ സീസണില്‍ 35 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോയെ തേടിയെത്തിയത്. സൗദി പ്രോ ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നടന്നു കയറിയത്. ഇതിന് മുമ്പ് ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത് ഹംദള്ളാ ആയിരുന്നു. 2018-19 സീസണില്‍ 34 ഗോളുകളാണ് താരം നേടിയത്.

റൊണാള്‍ഡോക്ക് പുറമേ 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് അബ്ദുല്‍ റഹ്‌മാന്‍ ഖരീബും ഇഞ്ചുറി ടൈമില്‍ മേശാരി അല്‍ നെമറും അല്‍ നസറിനായി ഗോളുകള്‍ നേടി.

ഫറാ അലി സെയ്ദ് ശര്‍മാണി 88, ഫാബിഞ്ഞോ 90+2 എന്നിവരായിരുന്നു അല്‍ ഇത്തിഹാദിനായി ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ 57 ശതമാനം ബോള്‍ പൊസഷനും അല്‍ നസറിന്റെ അടുത്തായിരുന്നു. 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് റൊണാള്‍ഡോയും കൂട്ടരും ഉതിര്‍ത്തത്. ഇതില്‍ ഒമ്പതെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകളാണ് അല്‍ ഇത്തിഹാദ് അല്‍ നസറിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. എന്നാല്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റില്‍ എത്തിക്കാന്‍ സാധിച്ചത്.

സൗദി ലീഗിൽ 34 മത്സരങ്ങളില്‍ നിന്നും 26 ജയവും നാല് വീതം തോല്‍വിയും സമനിലയുമായി 82 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും ഫിനിഷ് ചെയ്തത്. മെയ് 31ന് നടക്കുന്ന കിങ്സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Cristaino Ronaldo create a new record