| Saturday, 29th June 2024, 4:17 pm

റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോകപ്പിന്റെ ആവേശങ്ങള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സ്ലോവേനിയെയാണ് അണ്ടര്‍ 16ല്‍ നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ അവസാന മത്സരത്തില്‍ ജോര്‍ജിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോബര്‍ട്ടോ മാര്‍ട്ടീനെസിനേയും സംഘത്തെയും ഞെട്ടിച്ചിരുന്നു.

ഇപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ സ്ലൊവാനിയക്കെതിരെയുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നത് ഒരു കനത്ത വെല്ലുവിളിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ അടക്കമുള്ള പ്രധാനപ്പെട്ട താരങ്ങൾ യെല്ലോ കാര്‍ഡുകള്‍ കണ്ടതാണ് പോര്‍ച്ചുഗല്‍ ടീമിനെയും ആരാധകരെയും ആശങ്കപ്പെടുത്തുന്നത്.

അഞ്ച് പോര്‍ച്ചുഗീസ് താരങ്ങളാണ് യെല്ലോ കാര്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ കണ്ടത്. റൊണാള്‍ഡോ, പെട്രോ നെറ്റോ, റൂബന്‍ നെവസ് , പലീഞ്ഞ, ഫ്രാന്‍സിസ്‌കോ കോണ്‍സിസാവോ എന്നീ താരങ്ങള്‍ക്കാണ് യെല്ലോ കാര്‍ഡ് ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്ലൊവേനിയയെ പരാജയപ്പെടുത്തുകയും ഈ അഞ്ച് താരങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു യെല്ലോ കാര്‍ഡ് കൂടി ലഭിച്ചാല്‍ ക്വാര്‍ട്ടറില്‍ ഈ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല.

അതേസമയം റൊണാള്‍ഡോയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ഒരുപിടി ചരിത്ര നേട്ടങ്ങള്‍ ഇതിനോടകം തന്നെ അല്‍ നാസര്‍ നായകന്‍ സ്വന്തമാക്കിയിട്ടുണ്ട്. തുര്‍ക്കിക്കെതിരെയുള്ള മത്സരത്തില്‍ നേടിയ അസിസ്റ്റന്റ് പിന്നാലെ യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയിരുന്നു.

ഇതിനുപുറമേ ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. തന്റെ ആറാമത്തെ യൂറോകപ്പിലാണ് റൊണാള്‍ഡോ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോകപ്പിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇതിനോടകം തന്നെ കളിച്ചിട്ടുള്ളത്.

Content Highlight: Cristaino Ronaldo and Portugal Face a huge Challenge in Pre Quarter of Euro Cup

We use cookies to give you the best possible experience. Learn more