| Wednesday, 31st January 2024, 5:37 pm

മെസിക്ക് 16, റൊണാൾഡോക്ക് 11; ഇത്തവണ വിജയം ആർക്കൊപ്പം?

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കളത്തിലിറങ്ങാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ.

റിയാദ് സീസണ്‍ കപ്പില്‍ ഫെബ്രുവരി ഒന്നിനാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശകരമായ പോരാട്ടം നടക്കുന്നത്. തീപാറും പോരാട്ടത്തില്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍ മെസിയുടെ ഇന്റര്‍ മിയാമിയെ നേരിടും.

മെസിയും റോണോയും ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും 36 തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ റൊണാള്‍ഡോ 11 തവണ വിജയിച്ചപ്പോള്‍ മെസി 16 വിജയങ്ങള്‍ സ്വന്തമാക്കി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇരുവരും രണ്ടുതവണയാണ് നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഓരോ വിജയം വീതം ഇരു താരങ്ങളും സ്വന്തമാക്കി.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ 30 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും ഏറ്റുമുട്ടിയത്. ഇതില്‍ 14 തവണ റൊണാള്‍ഡോ വിജയിച്ചപ്പോള്‍ എട്ട് തവണ വിജയം മെസിക്കൊപ്പമായിരുന്നു. എട്ട് തവണ സമനിലയില്‍ പിരിയുകയും ചെയ്തു.

ഈ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡോയും മെസിയും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. 5-4ന് മെസിക്കൊപ്പമായിരുന്നു വിജയം. റൊണാള്‍ഡോ രണ്ട് ഗോളുകളും മെസി ഒരു ഗോളുമാണ് ആ മത്സരത്തില്‍ നേടിയത്.

അതേസമയം 2024ല്‍ ഇതുവരെ ഒരു വിജയം സ്വന്തമാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. മൂന്ന് സൗഹൃദ മത്സരങ്ങളില്‍ നിന്നും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ഇന്റര്‍ മയാമിയുടെ സമ്പാദ്യം. മറുഭാഗത്ത് അല്‍ നസര്‍ സൂപ്പര്‍താരം റൊണാള്‍ഡോയുടെ പരിക്കിനെ തുടർന്ന് ചൈനയില്‍ നടക്കേണ്ട സൗഹൃദ മത്സരങ്ങള്‍ ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തോളം ഫുട്‌ബോളില്‍ എതിരാളികളില്ലാതെ മുന്നേറാന്‍ രണ്ട് ഇതിഹാസങ്ങള്‍ക്കും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഇതിഹാസതാരങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ ആവേശം വാനോളമുയരുമെന്നുറപ്പാണ്.

Content Highlight: Cristaino Ronaldo and Lionel Messi playing on Riyadh cup.

\

Latest Stories

We use cookies to give you the best possible experience. Learn more