ഫുട്‌ബോളില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; മെസിക്കും റൊണാൾഡോക്കും തിരിച്ചടി
Football
ഫുട്‌ബോളില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; മെസിക്കും റൊണാൾഡോക്കും തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th September 2024, 8:55 am

2024 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനി പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ്.

റയലിന്റെ തന്നെ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. റയലിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ഡാനി കാര്‍വജാല്‍ ആഴ്‌സണലിന്റെ ഇംഗ്ലണ്ട് താരം ബുക്കായോ സാക്ക എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.

എന്നാല്‍ പട്ടികയില്‍ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ലയണല്‍ മെസിക്കും ഇടം നേടാന്‍ സാധിച്ചില്ല. 2003ന് ശേഷം ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയും ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം നേടാതെ പോവുന്നത്.

21 വര്‍ഷങ്ങള്‍ക്ക് ശേഷം മെസിയും റൊണാള്‍ഡോയും ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടം നേടാതെ പോയത് ഫുട്‌ബോള്‍ ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.

മെസിയും റൊണാള്‍ഡോയും നിലവില്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയല്ല പന്തുതട്ടുന്നത്. രണ്ട് ഇതിഹാസതാരങ്ങളും യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പുതിയ ലീഗുകളിലേക്ക് ചേക്കേറുകയായിരുന്നു.

റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ സൗദി ലീഗിലെ ടോപ് സ്‌കോറര്‍ റൊണാള്‍ഡോയായിരുന്നു. 35 ഗോളുകളായിരുന്നു റൊണാള്‍ഡോ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി നേടിയത്. എന്നാല്‍ അല്‍ നസറിനെ കിരീടത്തിലേക്ക് നയിക്കാന്‍ പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചിരുന്നില്ല.

റൊണാള്‍ഡോ ഇത് വരെ അഞ്ച് ബാലണ്‍ ഡി ഓര്‍ അവാര്‍ഡാണ് നേടിയിട്ടുള്ളത്. 2008, 2013, 2014, 2016, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം ബാലണ്‍ ഡി ഓര്‍ നേടിയത്.

മറുഭാഗത്ത് മെസിയുടെ നേതൃത്വത്തില്‍ അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടനേട്ടമായിരുന്നു ഇത്.

ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തായിരുന്നു മെസിയും സംഘവും കിരീടം നേടിയത്. കോപ്പ അമേരിക്ക ചരിത്രത്തിലെ അര്‍ജന്റീനയുടെ 16ാം കിരീടമായിരുന്നു ഇത്. 15 ട്രോഫികള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ട് ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനും അര്‍ജന്റീനക്ക് സാധിച്ചു.

ക്ലബ്ബ് തലത്തില്‍ ഇന്റര്‍ മയാമിയെ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിക്കാനും മെസിക്ക് സാധിച്ചിരുന്നു.

മെസി എട്ട് തവണയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കൈപ്പിടിയിലാക്കിയിട്ടുള്ളത്. 2009, 2010, 2011 2012, 2015, 2019, 2021, 2023 എന്നീ വര്‍ഷങ്ങളിലായിരുന്നു മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടം.

 

Content Highlight: Cristaino Ronaldo And Lionel Messi Not Nominated in Ballon d’ or Award 2024