അടിച്ചുകൂട്ടിയതിൽ കയ്യും കണക്കുമില്ല, എന്നിട്ടും അത് മാത്രമകലെ; നിര്‍ഭാഗ്യനേട്ടത്തില്‍ റൊണാള്‍ഡോ
Football
അടിച്ചുകൂട്ടിയതിൽ കയ്യും കണക്കുമില്ല, എന്നിട്ടും അത് മാത്രമകലെ; നിര്‍ഭാഗ്യനേട്ടത്തില്‍ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 11:12 am

2024 യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലൊവേനിയയെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ വീഴ്ത്തി പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഡച്ച് ബാങ്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയും പെനാല്‍ട്ടി ഷൂട്ട് ഔട്ട് വിധിയെഴുതിയ മത്സരത്തില്‍ 3-0 എന്ന സ്‌കോറിന് പോര്‍ച്ചുഗല്‍ ജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. 104ാംമിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചിരുന്നു. എന്നാല്‍ പെനാല്‍ട്ടി എടുക്കാന്‍ എത്തിയ റൊണാള്‍ഡോക്ക് പിഴക്കുകയായിരുന്നു.

ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കണക്കുകളില്‍ മറ്റു താരങ്ങളെക്കാള്‍ വളരെയധികം മുന്നിലാണ് റൊണാള്‍ഡോ. 2024 യൂറോ കപ്പില്‍ ഇതിനോടകം തന്നെ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് റൊണാള്‍ഡോ. നാല് മത്സരങ്ങളില്‍ നിന്നും 20 ഷോട്ടുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. 15 ഷോട്ടുകള്‍ വീതം നേടിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ജര്‍മന്‍ താരം കൈ ഹവേര്‍ട്‌സുമാണ് റൊണാള്‍ഡോക്ക് പിറകിലുള്ളത്.

1980 മുതലുള്ള കണക്കുകള്‍ പ്രകാരം യൂറോകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ നേടിയിട്ടും ഗോള്‍ നേടാന്‍ സാധിക്കാതെ പോകുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമത്തെ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

2004 യൂറോ കപ്പില്‍ മുന്‍ പോര്‍ച്ചുഗീസ് താരം ഡെക്കോ 24 ഷോട്ടുകളാണ് നേടിയത്. 1966 യൂറോ കപ്പില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടൊ ഹീരോ 23 ഷോട്ടുകളും നേടി. 21 ഷോട്ടുകള്‍ വീതം നേടിയ ബെല്‍ജിയം സൂപ്പര്‍താരം കെവിന്‍ ഡി ബ്രൂയ്‌നും, സ്പാനിഷ് താരം ഡാനി ഓല്‍മോയുമാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഡി ബ്രൂയ്ന്‍ 2016ലും ഓല്‍മോ 2020ലുമാണ് 21 ഷോട്ടുകള്‍ നേടിയത്.

അതേസമയം ഷൂട്ട് ഔട്ടില്‍ സ്ലോവേനിയയുടെ ആദ്യ മൂന്നു കിക്കുകളും അത്ഭുതകരമായി സേവ് ചെയ്ത് ഡീഗോ കോസ്റ്റ പോര്‍ച്ചുഗലിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു.

പോര്‍ച്ചുഗലിനായി ആദ്യ പെനാല്‍ട്ടി കിക്ക് എടുത്തത് റൊണാള്‍ഡോ ആയിരുന്നു. രണ്ടാം കിക്ക് ബ്രൂണോ ഫെര്‍ണാണ്ടസും മൂന്നാം കിക്ക് ബെര്‍ണാഡോ സില്‍വയും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ പറങ്കിപ്പട ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

 

Content Highlight: Cristaino Ronaldo 20 shots in Euro Cup 2024