| Tuesday, 19th November 2013, 10:11 am

കുര്‍ബാനയ്ക്കിടെ യേശുവിന്റെ രൂപം തെളിഞ്ഞു; അന്വേഷണം നടത്തുമെന്ന് മാര്‍ ജോര്‍ജ് വലിയമറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: കുര്‍ബാനക്കിടെ ആശിര്‍വദിക്കുമ്പോള്‍ യേശുവിന്റെ മുഖം പതിഞ്ഞതായി പ്രചരിക്കുന്ന തിരു ഓസ്തി വിശദ പഠനത്തിന് വിധേയമാക്കുന്നു. പ്രചരണത്തില്‍ വാസ്തവമുണ്ടോയെന്നറിയാന്‍ പ്രത്യേക വൈദിക കമ്മീഷനെ നിയമിക്കുമെന്ന് തലശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് വലിയമറ്റം അറിയിച്ചു.

തലശ്ശേരി അതിരൂപതാ ആസ്ഥാനത്ത് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് ഇപ്പോള്‍ ഓസ്തി. അന്വേഷണം കഴിയുന്നത് വരെ ഓസ്തി പ്രദര്‍ശനത്തിന് വെക്കില്ലെന്നും മെത്രാന്‍ മാര്‍ ജോര്‍ജ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരത്തിനടുത്തുള്ള വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ കുര്‍ബാനയ്ക്കിടെ തിരുവോസ്തിയില്‍ യേശുക്രിസ്തുവിന്റെ മുഖം കാണപ്പെട്ടതെന്നാണ് പറയുന്നത്.

കുര്‍ബാനയ്ക്കിടെ ഫാദര്‍ തോമസ് പതിയില്‍ ഓസ്തി ആശീര്‍വദിക്കാനായി ഉയര്‍ത്തിയപ്പോള്‍ അതില്‍ ദു:ഖ ഭാവത്തിലുള്ള യേശു ക്രിസ്തുവിന്റെ മുഖം കണപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് ഓസ്തി കാണാന്‍ എത്തുന്നത്. ഇന്റര്‍നെറ്റിലും ഓസ്തിയുടെ ഫോട്ടോ വന്നിരുന്നു. ഇതോടെ ഓസ്തി സൂക്ഷിക്കാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിക്കുകയായിരുന്നു.

തിരുവോസ്തിയില്‍ യേശുവിന്റെ സാന്നിധ്യം അറിയിക്കാന്‍ ഒരു ചിത്രത്തിന്റേയും ആവശ്യമില്ല. തിരുവോസ്തിയില്‍ യേശുവിന്റെ സാന്നിധ്യമുണ്ടാകും. പുറമേ നിന്ന് നിര്‍മിക്കുന്ന ഓസ്തിയില്‍ ഒരു ചിത്രം ആലേഖനം ചെയ്യാന്‍  ചെയ്യാന്‍ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു.

സംഭവത്തിന്റെ വാസ്തവം അറിയുന്നത് വരെ ഓസ്തിയെ വിശുദ്ധമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അന്വേഷണത്തിന് ശേഷം വാസ്തവമാണെന്ന് തെളിഞ്ഞാല്‍ ഓസ്തി വിശ്വാസികള്‍ക്കായി പ്രദര്‍ശനത്തിന് വെക്കും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more