പത്തനംതിട്ട: പത്രങ്ങള്‍ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുതതന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ പത്തനംതിട്ട പ്രസ്‌ക്ലബ് നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജീവിതത്തില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ഭരണക്കാരുടെ അടിമകളല്ല പത്രപ്രവര്‍ത്തകര്‍. ഭരണക്കാരെ ഭരിക്കുന്നവരാകണം അവര്‍.
പത്രങ്ങള്‍ അസത്യത്തെ സത്യമാക്കി പ്രചരിപ്പിക്കരുത്. ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായങ്ങള്‍ രൂപവത്കരിക്കുന്നതില്‍ പത്രങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയക്കാരെക്കാള്‍ ലോകം നന്നാക്കാന്‍ കഴിയുന്നത് പത്രപ്രവര്‍ത്തകര്‍ക്കാണ്” അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകര്‍ക്ക് തന്നിട്ടുള്ള അത്രയും സ്വാതന്ത്ര്യം ആത്മീയ ആചാര്യന്മാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യനും മനുഷ്യനായി ജീവിക്കുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണണമെന്നും പറഞ്ഞ അദ്ദേഹം അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാകാന്‍ നാം മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഒരു പത്രപ്രവര്‍ത്തകന്‍ ഒഴിച്ച് മറ്റാരായാലും കുഴപ്പമില്ലെന്ന മറുപടിയായിരുന്നു അദ്ദേഹം പറഞ്ഞത്. മെത്രാനച്ചാന്‍ ആകുന്നതില്‍ കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് “”വലിയ കുഴപ്പമില്ല”” എന്നായിരുന്നു മറുപടി.