| Friday, 4th October 2019, 7:36 am

ഡ്രൈവര്‍മാരില്ല; പ്രതിസന്ധിയിലാഴ്ന്ന് കെ.എസ്.ആര്‍.ടി.സി; ശമ്പളവിതരണവും മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വ്യാഴാഴ്ച 800ഓളം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കോര്‍പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ന് 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. ഇത് ഗ്രാമീണമേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കും.

യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടൊപ്പം സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടിയേ നല്‍കാനാകൂവെന്ന നിലപാടിലാണ് ധനവകുപ്പ്.

താല്‍ക്കാലിക ഡ്രൈവര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയെന്ന് വ്യക്തമാക്കി വ്യാഴാഴ്ച കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡ്രൈവര്‍മാരുടെ പി.എസ്.സി കാലാവധി കഴിഞ്ഞതിനാല്‍ ഇതില്‍നിന്ന് സ്ഥിരം നിയമനവും സാധ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more