| Monday, 18th March 2019, 11:04 am

ഞങ്ങളുടെ പിന്തുണ പരീക്കറിനായിരുന്നു, ബി.ജെ.പിക്കായിരുന്നില്ല; ഗോവയില്‍ പിന്തുണ പിന്‍വലിക്കാനൊരുക്കി ഗോവ ഫോര്‍വേഡ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിന് പിന്നാലെ ഗോവയില്‍ ബി.ജെ.പിക്ക് നല്‍കിപ്പോന്ന പിന്തുണ പിന്‍വലിക്കാനൊരുങ്ങി ഗോവ ഫോര്‍വേഡ് പാര്‍ട്ടി.

ബി.ജെ.പിയെ ഇനി പിന്തുണയ്ക്കണോ എന്ന് പാര്‍ട്ടിക്ക് ആലോചിക്കണമെന്നും തങ്ങളുടെ പിന്തുണ ഒരിക്കലും ബി.ജെ.പിക്കായിരുന്നില്ലെന്നും പരീക്കറിനായിരുന്നെന്നുമാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി പറഞ്ഞത്.


രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം; ആവശ്യവുമായി വി.ടി ബല്‍റാമും കെ.എം. ഷാജിയും


“” ഗോവയില്‍ ഞങ്ങള്‍ പിന്തുണച്ചത് പരീക്കറിനെയായിരുന്നു. അല്ലാതെ ബി.ജെ.പിയെയായിരുന്നില്ല. പരീക്കര്‍ ഇന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ ഇനി പന്തുണയ്ക്കണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. ഓപ്ഷനുകള്‍ തുറന്നിരിക്കുകയാണ്. ഗോവയില്‍ നമുക്ക് സ്ഥിരത ആവശ്യമുണ്ട്. ഒരു പിരിച്ചുവിടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിയുടെ നിയമസഭാ സമാജികരുടെ യോഗത്തിന് ശേഷമുള്ള തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിന് ശേഷം ഞങ്ങള്‍ തീരുമാനം പറയും. – സര്‍ദേശായി പറഞ്ഞു. 40 എം.എല്‍.എമാരുള്ള അസംബ്ലിയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗോവയില്‍ ആര്‍ക്ക് സര്‍ക്കാരുണ്ടാക്കണമെങ്കിലും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണ്.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ധരാത്രിയിലും ബി.ജെ.പി നേതാക്കള്‍ നീണ്ട ചര്‍ച്ചയിലായിരുന്നു. മറുവശത്ത് അധികാരം പിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും ശ്രമം തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി. ഞായറാഴ്ച അര്‍ധരാത്രിയില്‍ ആരംഭിച്ച ചര്‍ച്ച ഇപ്പോഴും പലഘട്ടങ്ങളിലായി തുടരുകയാണ്.
മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ സന്നദ്ധത മൂന്ന് എം.എല്‍.എമാരുള്ള എം.ജി.പി നേതാവ് സുദിന്‍ ധവലികര്‍ ഗഡ്കരിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ബി.ജെ.പി. എം.എല്‍.എ. ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച തന്നെ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി.

We use cookies to give you the best possible experience. Learn more