| Friday, 28th August 2020, 8:04 am

ഔദാര്യമല്ല പെന്‍ഷന്‍ എന്ന് സുപ്രീം കോടതി; അനുകൂല വിധി വന്നിട്ടും ഇ.പി.എഫ് പെന്‍ഷന്‍കാര്‍ പ്രതിസന്ധിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെന്‍ഷന്‍ ഔദാര്യമല്ല, വിരമിച്ചശേഷം അന്തസ്സോടെ ജീവിക്കാനുള്ള ക്ഷേമപദ്ധതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ നിരത്തി പെന്‍ഷന്‍ നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

കേരളത്തില്‍ യു.ഡി. ക്ലാര്‍ക്കായി വിരമിച്ചയാളുടെ അപ്പീല്‍ തീര്‍പ്പാക്കവെയാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ സുപ്രീം കോടതി അനുകൂല വിധിയുണ്ടായിട്ടും രാജ്യത്തെ ലക്ഷക്കണക്കിന് ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ തീര്‍പ്പായിട്ടില്ല. ഏകദേശം 17 മാസത്തോളമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിവന്നത്. കേരള ഹൈക്കോടതി വിധിക്കെതിരേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

പെന്‍ഷന്‍ വിഹിതം കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ പരിധി നിശ്ചയിച്ച വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചുകൊണ്ടായിരുന്നു വിധി.

വിധിക്കെതിരേ ഇ.പി.എഫ്.ഒ. നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി പരിഗണിക്കാന്‍ വൈകുന്നതാണ് തൊഴിലാളികള്‍ക്ക് അര്‍ഹമായ ഉയര്‍ന്ന പെന്‍ഷന്‍ അനിശ്ചിതത്വത്തിലാക്കുന്നത്.

അതേസമയം കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര തൊഴില്‍മന്ത്രാലയവും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇവ രണ്ടും ഒന്നിച്ച് തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് കഴിഞ്ഞവര്‍ഷം ജൂലായ് 12-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി ഇ.പി.എഫ്. പെന്‍ഷന്‍കാര്‍ വിവിധ ഹൈക്കോടതികളെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. എന്നാല്‍ പുനഃപരിശോധനാ ഹരജിയില്‍ തീരുമാനമാകുംവരെ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നാണ് ഇ.പി.എഫ്.ഒ. ഉദ്യോഗസ്ഥരുടെ നിര്‍ദേശമെന്നാണ് പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി ആറിന് ഇതു സംബന്ധിച്ച റിട്ട് ഹരജികളും കോടതിയലക്ഷ്യവും സുപ്രീം കോടതിയക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതില്‍ വാദം കേള്‍ക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു.

ഇ.പി.എഫ്.ഒ.യുടെ പുനഃപരിശോധനാ ഹരജിയും കേന്ദ്രത്തിന്റെ അപ്പീലും നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യം കേള്‍ക്കരുതെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  crisis in epf pension scheme

We use cookies to give you the best possible experience. Learn more