| Saturday, 9th June 2018, 8:46 am

കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; മന്ത്രിസ്ഥാനത്തെ ചൊല്ലി 20 ഓളം എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ ഇടം ലഭിക്കാത്ത എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. സിദ്ധരാമയ്യ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ബി പാട്ടീലിന്റെ നേതൃത്വത്തില്‍ 20 ഓളം എം.എല്‍.എമാരാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഇതോടെ കര്‍ണാടക കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായി.

ഇപ്പോള്‍ എം.ബി പാട്ടീലിന്റെയും ബി.സി പാട്ടീലിന്റെയും നേതൃത്വത്തിലുള്ള അസംതൃപ്തരായ നേതാക്കളുടെ വിഭാഗവും കോണ്‍ഗ്രസ് വിഭാഗവും എന്ന തരത്തില്‍ പിളര്‍പ്പിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാന്റ്. ഇതിന്റെ ഭാഗമായി എം.ബി പാട്ടീലിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ എസ്.കെ പാട്ടീലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Read Also : ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ശവപ്പെട്ടികള്‍; കോണ്‍ഗ്രസ് ഡി.സി.സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം


നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാലാവധി രണ്ടുവര്‍ഷത്തേക്കായിരിക്കുമെന്നും അതിനുശേഷം മന്ത്രിസഭാ പുനസംഘടിപ്പിച്ച് അവസരം ലഭിക്കാത്തവരെ അടുത്ത മൂന്നുവര്‍ഷത്തേക്ക് മന്ത്രിമാരാക്കാനുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

എന്നാല്‍ ഉപമുഖ്യമന്ത്രിയില്‍ കുറഞ്ഞ പദവിയൊന്നും സ്വീകരിക്കില്ലെന്നും ഭാഗം വെച്ചുള്ള മന്ത്രിസ്ഥാനം വേണ്ടെന്നുമാണ് എം.ബി പാട്ടീല്‍ പറയുന്നത്. താന്‍ ഒറ്റയ്ക്കല്ലെന്നും തന്റെ കൂടെ 20 എം.എല്‍.എമാരുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് തന്നെ വലിച്ചെറിഞ്ഞപോലെ താന്‍ പാര്‍ട്ടിയെ വലിച്ചെറിയില്ലെന്നും എം.ബി പാട്ടീല്‍ എം.എല്‍.എ പറഞ്ഞു. എന്ത് കൊണ്ടാണ് മന്ത്രിപദം നല്‍കാതെ ഒഴിവാക്കിയതെന്ന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more