ഫലം കാണാതെ നിര്‍മ്മലാ സീതാരാമന്റെ ഉത്തേജക പദ്ധതികള്‍; സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും വാഹന വില്‍പ്പനയില്‍ 23.69 ശതമാനത്തിന്റെ ഇടിവ്
മുംബൈ: രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഓട്ടോ മൊബൈല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ മാനുഫാക്ടറേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വാഹന വിപണി കടുത്ത മാന്ദ്യത്തിലൂടെയാണ് കടന്നു പോയതെന്ന് കണക്കാക്കുന്നു.
2019 -20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 23.69 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. ചരക്ക് വാഹനങ്ങളുടെ വില്‍പ്പന 62.11 ശതമാനമായി കുറഞ്ഞു.
ഇത് സൂചിപ്പിക്കുന്നത് മാന്ദ്യം മറികടക്കാന്‍ കേന്ദധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സ്വീകരിച്ച നടപടികളൊന്നും തന്നെ ഫലം കണ്ടില്ലെന്നതാണ്. മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് വാഹനവിപണി നേരിടുന്നതെന്നാണ് എസ്.ഐ.എ.എം റിപ്പോര്‍ട്ട്.
സെപ്തംബറില്‍ യാത്ര വാഹനങ്ങളുടെ വില്‍പ്പന 2,23,317 യൂണിറ്റായാണ് കുറഞ്ഞത്. അതില്‍ 33.4 ശതമാനം കാറുകളാണ്. അതായത് 131,281 യൂണിറ്റായാണ് കാര്‍ വില്‍പ്പന ഇടിഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയും 23.29 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 13,60,415 യൂണിറ്റിനെ അപേക്ഷിച്ച് ഇത്തവണ് 10,43,624 യൂണിറ്റാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന നടന്നത്.
ഇരു ചക്രവാഹനങ്ങളുടെ വില്‍പ്പനയുെ സെപ്തംബറില്‍ 22.09 ശതമാനമായി കുറഞ്ഞ് 16,56.774 യൂണിറ്റായി.
അത്തരത്തില്‍ സെപ്തംബറിലെ യാത്ര വാഹനങ്ങളുടെ വില്‍പ്പന 31.57 ശതമാനമായി കുറഞ്ഞ് 1,96,524 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 2,87,198 ആയിരുന്നു.
എസ്.ഐ.എ.എം റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ ‘ഞാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹന നിര്‍മ്മാതാക്കളുമായി സംവദിച്ചിരുന്നു. രണ്ട് തവണ ദല്‍ഹിയില്‍ വെച്ച് കൂടികാഴ്ച്ച നടത്തിയിരുന്നു. ഓട്ടോ മൊബൈല്‍ മേഖലയില്‍ ഇതുവരെയും
കണ്‍സ്യൂമര്‍ ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ല. ഈ മേഖലയ്ക്ക പ്രത്യേകമായി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അത് എന്നോട് ഉന്നയിക്കാമെന്നായിരുന്നു’ നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം.
2019-20 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാഹന നിര്‍മ്മാണത്തില്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടവും സംഭവിച്ചിട്ടുണ്ട്.