അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയില്‍ വകുപ്പു വിഭജനത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്കിടയില്‍ തര്‍ക്കമുയരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ വകുപ്പ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരം ഏറ്റെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് വകുപ്പ് വിഭജനം സംബന്ധിച്ച യോഗം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുകയാണ്.
തനിക്ക് ആഭ്യന്തരവും നഗരവികസനവകുപ്പും നല്‍കണമെന്ന നിലപാടിലാണ് ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേല്‍. എന്നാല്‍ പ്രധാനപ്പെട്ട വകുപ്പുകളൊന്നും തന്നെ അദ്ദേഹത്തിന് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.
വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുമായുള്ള അഭിപ്രായഭിന്നത തുറന്നടിച്ച് നിതിന്‍ പട്ടേല്‍ രംഗത്തെത്തിയിരുന്നു.
കുടാതെ മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഒപ്പമുള്ള പത്ത് എം.എല്‍.എമാര്‍ക്കൊപ്പം രാജിവയ്ക്കുമെന്ന് വഡോദര എം.എല്‍.എ രാജേന്ദ്രത്രിവേദി അറിയിച്ചു. ദക്ഷിണ ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എമാരും സമാന ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്.