അഞ്ച് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍, ദേവാങ്കണ കലിത, നതാഷ നരവാള്‍, അസമിലെ കര്‍ഷക സംഘം സമിതിയുടെ മുതിര്‍ന്ന നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംദേ, ജാമിഅ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, തുടങ്ങി നിരവധി ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും സാമൂഹിക പ്രവര്‍ത്തകരെയുമാണ് ലോക്ക് ഡൗണ്‍ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ യു.എ.പി.എ അടക്കം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടച്ചത്.
ഇതേസമയം 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം കൂട്ടക്കൊലകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കലാപാഹ്വാനം തുടങ്ങിയ വിവിധ കേസ്സുകളില്‍ അറസ്റ്റിലായ നിരവധി പേരാണ് ജയില്‍ മോചിതരാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തത്. നിരവധി കേസ്സുകളില്‍ തെളിവുകള്‍ സഹിതം സംഭവ സ്ഥലത്തു നിന്നു തന്നെ പൊലീസ് പിടികൂടിയവര്‍ക്ക് വരെ ജാമ്യം ലഭിക്കുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ വെറുതെവിട്ട, വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ആളുകള്‍ ആരൊക്കെയെന്ന് നോക്കാം.
കപില്‍ ബൈസാല
പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്ന ഷാഹീന്‍ ബാഗിലെ സമരക്കാര്‍ക്കു നേരെ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി കപില്‍ ബൈസാലയുടെ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെയാണ് സമരക്കാര്‍ക്കു നേരെ
ഇയാള്‍ വെടിയുതിര്‍ത്തത്. ജയ് ശ്രീറാം വിളിച്ചുകൊണ്ടും, ഹിന്ദുക്കള്‍ മാത്രമേ ഈ രാജ്യം ഭരിക്കുകയുള്ളൂ എന്നും പറഞ്ഞു കൊണ്ടായിരുന്നു കപില്‍ ബൈസാല പ്രതിഷേധക്കാര്‍ക്കു നേരെ തോക്ക് ചൂണ്ടിയത്. അക്രമത്തിന് ഉപയോഗിച്ച തോക്കുമായി സംഭവ സ്ഥലത്തു നിന്നു തന്നെയാണ് പൊലീസ് ബൈസാലയെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് ആറിന് ദല്‍ഹി കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി. കപിലിന്റെ വക്കീല്‍ ഉന്നയിച്ച തികച്ചും ദുര്‍ബലമായ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.
കപില്‍ തികച്ചും സാമൂഹിക ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. അയാളൊരിക്കലും നിയമം ലംഘിക്കില്ല, ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല,
കുറ്റക്കാരന് ഭാര്യയും ചെറിയ കുട്ടിയുമുണ്ട്, വിചാരണയ്ക്ക് സമയം എടുക്കുന്നത് കൊണ്ട് തന്നെ കുറ്റാരോപിതനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല, കേസന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് പൊലീസിന് ഇനി കപിലിനെ കസ്റ്റഡിയില്‍ വച്ചതുകൊണ്ട് പ്രയോജനമില്ല, എന്നിവയായിരുന്നു കോടതിയുടെ മുന്നില്‍ കപില്‍ ബൈസാലയ്ക്ക് വേണ്ടി ഹാജരായ വക്കീല്‍ ഉന്നയിച്ച വാദങ്ങള്‍.
സൗത്ത് ഈസ്റ്റ് ദല്‍ഹി ജില്ലാ മജിസ്ട്രേറ്റ് ഗുല്‍ഷാന്‍ കുമാറാണ് ബൈസാലയ്ക്ക് ജാമ്യം അനുവദിച്ചത്. സെക്ഷന്‍ 336ഉം 506ഉം ചുമത്തിയാണ് ബൈസാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പൗരത്വനിയമ പ്രതിഷേധക്കാരെ വെടിവെക്കണമെന്ന ആഹ്വാനം നടത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് പൊലീസ് കടന്നിരുന്നില്ല.
മനീഷ് സിരോഹി
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടക്കുന്ന സമയത്താണ് പൊലീസ് മനീഷ് സിരോഹിയെ അറസ്റ്റ് ചെയ്യുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളില്‍ നിന്ന് പൊലീസ് ആയുധങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ ആംസ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റം മാത്രമാണ് പൊലീസ് ഇയാള്‍ക്കു നേരെ ചുമത്തിയത്.
അതേസമയം ഒരു റോഡ് ബ്ലോക്ക് ചെയ്തു എന്ന കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത പൗരത്വ ഭേദഗതി പ്രതിഷേധസമരത്തിലുണ്ടായിരുന്ന സഫൂറ സര്‍ഗാര്‍, ദേവാങ്കണ കലിത, നതാഷ നരവാള്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എയാണ് ചുമത്തിയത്. സഫൂറയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വക്കീലിന്റെ വാദം പോലും കോടതി വിഷയത്തില്‍ പരിഗണിച്ചിരുന്നില്ല. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം വേണമെന്ന സഫൂറ സര്‍ഗാറിന്റെ അഭിഭാഷകന്റെ വാദം പരിഗണിക്കാത്ത കോടതി മനീഷ് സിരോഹിയ്ക്ക് ജാമ്യം അനുവദിച്ചത് കൊവിഡ് 19 ഉണ്ടാക്കിയ പ്രത്യേക സാഹചര്യം ഉയര്‍ത്തിക്കാട്ടിയാണ്.
മിലിന്ദ് എക്ബോത്തെ
ഭീമ കൊറേഗാവ് സംഭവത്തില്‍ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോത്തെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് 2018 ജനുവരി ഒന്നിനാണ്. ദളിതര്‍ക്കെതിരായ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസിലായിരുന്നു പൊലീസ് ഇയാളെ അറസ്റ്റുചെയ്യുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചു. 2019 ജനുവരിയില്‍ പൂനെ കോടതി ജാമ്യം നല്‍കുന്നതിന് മുന്നോട്ട് വെച്ച നിബന്ധനകളില്‍ ഇളവു നല്‍കുകയും പൊതു റാലികളില്‍ പങ്കെടുക്കാന്‍ മിലിന്ദിന് അനുമതി നല്‍കുകയും ചെയ്തു. മറ്റൊരു ഹിന്ദു നേതാവ് കൂടിയായ സംഭാജി ബിഡേയ്ക്കെതിരെയും കേസുണ്ടായിരുന്നെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് പോലും ചെയ്തിട്ടില്ല.
മേജര്‍ ലീത്തുല്‍ ഗൊഗോയ്
കശ്മീരിലെ ഒരു വോട്ടറെ ബന്ദിയാക്കി വെക്കുകയും ഹ്യൂമണ്‍ ഷീല്‍ഡായി ഉപയോഗിക്കുകയും ചെയ്തതില്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഇടംപിടിച്ച ഇന്ത്യന്‍ സൈനികന്‍. 2017ലാണ് സംഭവം നടന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് താന്‍ ഇത്തരത്തില്‍ ചെയ്തത് എന്നായിരുന്നു സംഭവത്തില്‍ മേജറിന്റെ വിശദീകരണം. ലീത്തുല്‍ ഗൊഗോയ് ബന്ദിയാക്കിവെച്ച ഫറൂഖ് ദാര്‍ എന്നയാള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ ആളാണെന്നും അദ്ദേഹം സ്റ്റോണ്‍ പെല്‍ട്ടര്‍ ആണെന്നുമായിരുന്നു ലീത്തുള്‍ വാദിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഫറൂഖ് ദാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് ലീത്തുള്‍ നടത്തിയതെങ്കിലും ഇയാള്‍ക്കെതിരെയും നടപടികള്‍ ഇല്ലാതെ പോകുകയായിരുന്നു. ലീത്തുളിനെതിരെ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്നത്തെ സൈനിക മേധാവി ബിപിന്‍ റാവത്ത് അന്വേഷണം തടസ്സപ്പെടുത്തുകയും ലീത്തുളിന് പ്രത്യേക മെഡല്‍ നല്‍കുകയും ചെയ്തു. സംഭവത്തില്‍ പുനരന്വേഷണം നടന്നെങ്കിലും സീനിയോരിറ്റി ആറുമാസമായി വെട്ടിക്കുറച്ചതുമാത്രമായിരുന്നു എടുത്ത ഒരേ ഒരു നടപടി.
സാദ്വി പ്രഗ്യ ഠാക്കൂര്‍
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റിലായ പ്രഗ്യ ഠാക്കൂറിന് 2015ല്‍ ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷ ഏജന്‍സി ഇവര്‍ കുറ്റക്കാരിയല്ല എന്നും കണ്ടെത്തിയിരുന്നു. 2008ല്‍ നടന്ന സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ രോഹിണി സാലിയന്‍ കേസന്വേഷണം പതുക്കെ ആക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടെന്ന് വെളിപ്പെടുത്തിയതിനു ശേഷമായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി പ്രഗ്യ ഠാക്കൂറിനെ കുറ്റ വിമുക്തയാക്കുന്നത്. 2019ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അവരിപ്പോള്‍ ഭോപ്പാലില്‍ നിന്നുള്ള ലോക്സഭ എം.പി കൂടിയാണ്.
മായ കൊട്നാനി
നരോദ് പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയായിരുന്നു, ഗുജറാത്തിലെ മോദി മന്ത്രി സഭയിലെ അംഗം കൂടിയായിരുന്ന മായ കൊട്നാനി. 2014 ജൂലായില്‍ ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് അവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 28 വര്‍ഷത്തേക്കായിരുന്നു വിചാരണ കോടതി അവരെ ശിക്ഷിച്ചത്. 36 കുട്ടികളുള്‍പ്പെടെ 97 പേരാണ് നരോദ പാട്യകൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നത്.
ഡി.ജി.വന്‍സാര
ഇസ്രത് ജഹാന്‍ സൊഹ്റാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കുറ്റക്കാരനായ ഗുജറാത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി.ജി വന്‍സാര 2015ല്‍ ജയില്‍ മോചിതനായി.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം വിവാദമായ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ചവരില്‍ ചിലരുടെ പേര് മാത്രമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഉള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടും നടപടിയില്ലാതെ പോയ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ തുടങ്ങിയ നിരവധിപേര്‍ക്കെതിരെ ഇപ്പോഴും പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ