[]
ദല്‍ഹി: മോദി മന്ത്രിസഭയിലെ 44 അംഗങ്ങളില്‍ 13 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍.ഇ.ഡബ്ല്യൂ), അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോര്‍മസ് (എ.ഡി.ആര്‍) എന്നീ സംഘടനകളുടേതാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുരുതരമായ കുറ്റങ്ങളുടെ പശ്ചാത്തലമുളള അംഗങ്ങളെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കളങ്കിതരായ അംഗങ്ങളെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും സംഘടനകള്‍ വിശദീകരിച്ചു.
46 ല്‍ 44 മന്ത്രിസഭാംഗങ്ങള്‍ സമര്‍പ്പിച്ച സത്യാവാങ്മൂലം പരിശോധനക്ക് വിധയമാക്കിയതിന് ശേഷമാണ് ഇരു സംഘടനകളും കുറ്റാരോപിതരുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഇരുസഭകളിലും അംഗങ്ങളല്ലാത്ത പ്രകാശ് ജാവേദേക്കര്‍ നിര്‍മ്മലാ സീതരാമന്‍ എന്നിവരുടെ സത്യവാങ്മൂലം പരിശോധിച്ചിട്ടില്ലെന്നും ഇരു സംഘടനകളും വ്യക്തമാക്കി.
ഈ രണ്ടുപേര്‍ ഒഴികെയുളള മോദി മന്ത്രിസഭയിലെ 44 അംഗങ്ങളില്‍ 13 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് അവര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ ഉളളതായി മോദിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 8 മന്ത്രിമാര്‍ കൊലപാതകം, വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുക എന്നീ ഗുരതരമായ കുറ്റങ്ങളില്‍ പ്രതികളാണ്.
മോദി മന്ത്രിസഭയിലെ അംഗവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഉത്തര്‍പ്രദേശില്‍ നിന്നുളള എം.പി ഉമാഭാരതി വധശ്രമമടക്കമുളള ഗുരുതരമായ കളങ്കമുള്ളവയാണ്. ഇവര്‍ക്കെതിരെ സാമുദായിക ഐക്യം തകര്‍ത്തതിനും കുറ്റം ചുമത്തിയിട്ടുണ്ട്. തട്ടികൊണ്ടുപോകല്‍ കുറ്റം ചുമത്തപെട്ട മന്ത്രിസഭാംഗമാണ് ഗോപിനാഥ് മുണ്ടെ.
മന്ത്രിസഭയിലെ കോടീശ്വരന്മാരുടെ പട്ടികയും സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. 44 പേരടങ്ങുന്ന മന്ത്രിസഭയില്‍ 40 പേരും കോടിശ്വരന്‍മാരാണ്. 30 കോടികള്‍ക്ക് മേല്‍ ആസ്തിയുളളവരാണ് 30 മന്ത്രിമാര്‍. മന്ത്രിസഭയിലെ ഏറ്റവും വലിയ ആസ്തിയുളളത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ്. 113 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
മന്ത്രിസഭയിലെ കോടീശ്വരന്മാരില്‍ ഏറ്റവും കുറവ് ആസ്തിയുളളത് മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാംഗം പിയൂഷ് ഗോയലാണ്. അദ്ദേഹത്തിന്റെ ആസ്തി 30 കോടിയാണ്. എന്നാല്‍ കടക്കാരായ മന്ത്രിമാരുമുണ്ട് ഇത്തവണ മന്ത്രിസഭയില്‍. ഒരു കോടിയിലധികം കടബാധ്യതയുളള 9 മന്ത്രിമാരുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
44 മന്ത്രിമാരില്‍ 17 പേര്‍ പ്രഫഷണല്‍ ബിരുദക്കാരാണ്. 9 പേര്‍ ബിരുദാനന്തര ബിരുദക്കാരാണ്. ഡോക്ടറേറ്റുളള മുന്നു പേരുളളപ്പോള്‍ മന്ത്രിസഭയില്‍ 5 പേര്‍ പത്താം ക്ലാസ് യോഗ്യതുളളവരാണ്. രണ്ടുപേര്‍ക്ക് പ്ലസ്ടൂ യോഗ്യതയുളളപ്പോള്‍ 6 ബിരുദക്കാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
16ാം ലോക്‌സഭയിലെ 112 എം.പിമാര്‍ക്ക് ക്രിമിനല്‍ പശ്ചാതലമുളളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.