| Thursday, 28th August 2014, 4:13 pm

ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെ 13 വര്‍ഷത്തേക്ക് അയോഗ്യരാക്കിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നേതാക്കള്‍ക്ക് മത്സരിക്കുന്നതിന് വിലക്ക് വന്നേക്കും. പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്ന് നിയമമന്ത്രാലയം അറിയിച്ചു. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുന്നതിനള്ള കരട് ബില്‍ തയ്യാറാക്കി നിയമമന്ത്രാലയം പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.

ഏഴുവര്‍ഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നാണ് പുതിയ ശുപാര്‍ശ. മാത്രവുമല്ല ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി ആറു വര്‍ഷവും കഴിഞ്ഞാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധിക്കുകയുള്ളു. ശിക്ഷ കാലയളവില്‍ അപ്പീല്‍ സമര്‍പ്പിച്ചാലും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ 13 വര്‍ഷം കാത്തിരിക്കണം.

അതേസമയം, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയില്‍ ഉമാഭാരതി, നിതിന്‍ ഗഡ്കരി, നിഹാല്‍ ചന്ദ് മേഘാവാള്‍ എന്നിവരടക്കം 13 മന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ടുപേര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരിലാണ് കേസുള്ളത്.

ഇത്തരക്കാര്‍ മന്ത്രിസഭയിലുണ്ടോ എന്നു നോക്കേണ്ടതും നടപടിയെടുക്കേണ്ടതും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമാണെന്ന് ചീഫ്ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

ക്രിമിനല്‍ പശ്ചാത്തലക്കാരെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മന്ത്രിസഭയില്‍ നിന്നൊഴിവാക്കുമെന്നാണ് പ്രതീക്ഷ. ചുമതലാബോധത്തോടും ധാര്‍മികബോധത്തോടും പ്രവര്‍ത്തിക്കുമെന്ന വിശ്വാസമാണ് ഭരണഘടന അവരില്‍ അര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more