|

മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, 2024ൽ ബലാത്സംഗ കേസുകളിൽ 19% വർധനവ്; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിത് പറയുന്നത്. കണക്കുകൾ പ്രകാരം, 2024 ൽ പ്രതിദിനം ശരാശരി 20 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്. വാർഷിക റിപ്പോർട്ടിൽ സർക്കാർ കൃത്രിമം കാണിച്ചതായും ബലാത്സംഗ കേസുകളുടെ യഥാർത്ഥ എണ്ണം 40 ശതമാനം കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികവർഗക്കാർ ഉൾപ്പെട്ട കേസുകളിൽ, അതിക്രമം 340 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി മേഖലകളിൽ ബലാത്സംഗ കേസുകളിൽ വർധനവ് ഉണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. 2020 ൽ 6,134 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2024ൽ ഇത് 7,294 ആയി വർധിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധനവ് കാണിക്കുന്നുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ വാർഷിക റിപ്പോർട്ടിൽ 5,374 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 1,769 സ്ത്രീകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 2,062 സ്ത്രീകളും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 2,502 സ്ത്രീകളും പൊതു വിഭാഗത്തിൽ നിന്നുള്ള 869 സ്ത്രീകളുമാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദിവാസി മേഖലകളിലെ ബലാത്സംഗ കേസുകളുടെ വർധനവും ഡാറ്റ എടുത്തുകാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർക്കിടയിൽ 10 ശതമാനവും പട്ടികവർഗക്കാർക്കിടയിൽ 26 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ 20 ശതമാനവും ബലാത്സംഗ കേസുകൾ വർധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ട 2,739 കേസുകളിൽ 23 ശതമാനം കേസുകളിൽ മാത്രമേ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 77 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. പട്ടികവർഗക്കാർ ആക്രമിക്കപ്പെട്ട 3,163 കേസുകളിൽ, പ്രതികളിൽ 78 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 21 ശതമാനവും പൊതു വിഭാഗത്തിന് 18 ശതമാനവുമാണ് ശിക്ഷാ നിരക്ക്.

എന്നാൽ ബി.ജെ.പി എം.എൽ.എ ഭഗവാൻദാസ് സബ്‌നാനി സർക്കാരിന്റെ റെക്കോർഡിനെ ന്യായീകരിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനർത്ഥം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നാണ്. ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ജുഡീഷ്യറി കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണ്,’ ഭഗവാൻദാസ് പറഞ്ഞു.

Content Highlight: Crimes against women surge in Madhya Pradesh, rape cases up 19% in 2024

Latest Stories