ലണ്ടന്‍: രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കെതിരെയും ഇസ്‌ലാം മതത്തില്‍ ഉള്‍പെടുന്നവരാണെന്ന് കരുതപെടുന്നവര്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി ബ്രിട്ടീഷ് പൊലീസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 140 ശതമാനം വര്‍ധിച്ചതായാണ് ബ്രിട്ടീഷ് പൊലീസ് പുറത്തിവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇസ്‌ലാമോഫോബിയ എന്നാല്‍ വംശീയതയില്‍ വേരൂന്നിയതാണെന്നും മുസ്‌ലിം സ്വത്വത്തെയും മുസ്‌ലിം ആണെന്ന് തിരിച്ചറിയുന്നതിനുള്ള ഘടകങ്ങളെയും ലക്ഷ്യമിടുന്ന ഒരു തരം വംശീയതയാണെന്നുമാണ് യു.കെയുടെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി പറയുന്നത്.
രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഏഴ് ഇരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ ബ്രിട്ടനിലെ ഇസ്‌ലാമോഫോബിയ വിരുദ്ധ സംഘടനയായ ടെല്‍ മാമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ സര്‍വകശാലകളിലും സ്‌കൂളുകളിലും മുസ്‌ലിം വിരുദ്ധ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ടെന്നും തീവ്രവാദികള്‍ എന്ന രീതിയിലുള്ള വാക് പ്രയോഗങ്ങള്‍ നടത്തുന്നുണ്ടെന്നും ടെല്‍ മാമ എക്‌സില്‍ കുറിച്ചു.
രാജ്യത്ത് ഉടനീളമായി നടന്ന ഫലസ്തീന്‍ അനുകൂല റാലികളിലെ പ്രതിഷേധക്കാരെ ബ്രിട്ടന്റെ മുന്‍ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ ‘വിദ്വേഷ മാര്‍ച്ചര്‍മാര്‍’ എന്നായിരുന്നു മുദ്രകുത്തിയത്.
ഇസ്രഈല്‍ ഭരണകൂടത്തിന്റെ വംശീയ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് ലോകത്തിലെ എല്ലാ മുസ്‌ലിങ്ങളും അറബികളും ശത്രുക്കളാണെന്ന മനോഭാവത്തിലേക്ക് ബ്രിട്ടനും അമേരിക്കയും എത്തിപെട്ടുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിച്ചു.
ഒക്ടോബര്‍ 7 മുതല്‍ അമേരിക്കയിലെ ഇസ്‌ലാമോഫോബിയയും അറബ് വിരുദ്ധ പക്ഷപാതവും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള 2,171 പരാതികള്‍ ലഭിച്ചതായി മുസ്‌ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് പറഞ്ഞു. ഈ കണക്കുകള്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് 172 ശതമാനമായി വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍.
നിലവിലുള്ള കണക്കുകള്‍ പ്രകാരം വാക്കാലുള്ള ഉപദ്രവം മുതല്‍ ഫലസ്തീനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം വരെ ഈ കണക്കുകളില്‍ ഉള്‍പെടും. ലോകരാജ്യങ്ങളിലെ ഈ അവസ്ഥ മതഭ്രാന്തിന്റെ അഭൂതപൂര്‍വമായ കുതിപ്പിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഇസ്‌ലാമോഫോബിയയെ സൂചിപ്പിക്കുന്ന കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപെടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlight: Crimes against Muslims in Britain have increased by 140 percent, according to reports