കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ ശ്രമിച്ച സംഭവത്തിൽ ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാർ അറസ്റ്റിൽ. അശ്ലീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിക്കുകയും ഇത് നിരസിച്ചതോടെ മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നന്ദകുമാറിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാക്കനാട് സ്വദേശിയായ യുവതിയാണ് നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. നേരത്തെ, മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനു നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയതിൽ പങ്കില്ലെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ ദിവസം നന്ദകുമാർ വാർത്താസമ്മേളനവും നടത്തിയിരുന്നു. നന്ദകുമാറും പി.സി.ജോർജുമാണ് സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന മൊഴി നിഷേധിച്ചായിരുന്നു വാർത്താസമ്മേളനം