1999 ല്‍ അഭയ കൊലക്കേസ് പശ്ചാത്തലത്തില്‍ ക്രൈം ഫയല്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോഴുണ്ടായ അനുഭവം പറഞ്ഞ് തിരക്കഥാകൃത്ത് എ.കെ സാജന്‍.
സിനിമയ്ക്ക് വരാവുന്ന സ്റ്റേ ഭയന്ന് പ്രതീക്ഷിച്ച ദിവസത്തേക്കാള്‍ രണ്ട് ദിവസം മുന്‍പ് ചിത്രം റിലീസ് ചെയ്യേണ്ടി വന്നതിനെ കുറിച്ചും കോട്ടയത്തെ തിയേറ്ററില്‍ ആദ്യ ഷോ തന്നെ കാണാന്‍ പള്ളീലച്ചന്‍മാര്‍ കൂട്ടത്തോടെ എത്തിയ കഥയുമായിരുന്നു ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സാജന്‍ പങ്കുവെച്ചത്. ഏറെ സാഹസപ്പെട്ടാണ് അന്ന് ചിത്രം റീലീസ് ചെയ്തതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘തിയേറ്ററിലേക്ക് ചെന്നപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി. ആ തിയേറ്ററില്‍ മണ്ണിട്ടാല്‍ കാണാത്തത്ര ജനങ്ങള്‍. ആ കാഴ്ച ഇപ്പോഴും എന്റെ കണ്ണിന്‍ മുന്നിലുണ്ട്. നിലവില്‍ കളിക്കുന്ന തമിഴ്പടം കാണാനാണ് ആളുകളുടെ തിരക്ക് എന്നാണ് ഞാന്‍ കരുതിയത്. ഇത്രയും ഹിറ്റായ പടം അവര്‍ മാറ്റി നമ്മുടെ പടം പ്രദര്‍ശിപ്പിക്കുമോ എന്നൊക്കെ വിചാരിച്ചു നില്‍ക്കുമ്പോഴാണ് ക്രൈം ഫയല്‍ കാണാന്‍ വന്നവരുടെ തിരക്കാണ് ഇതെന്ന് തിയേറ്ററുകാര്‍ പറയുന്നത്.
നിയമപരമായി റിലീസ് ചെയ്തു എന്ന് കാണിക്കാന്‍ വേണ്ടി തിടുക്കത്തില്‍ സെക്കന്റ് ഷോ ആയി പടം റിലീസ് ചെയ്തതായിരുന്നു. പടം റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള സ്ട്രിപ്പ് പോസ്റ്ററിന്റെ മുകളില്‍ സെഞ്ച്വറി ഫിലിംസിലെ പ്രവര്‍ത്തകര്‍ ഒട്ടിക്കുന്നത് റിലീസിന്റെ ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പാണ്. കോട്ടയം കഞ്ഞിക്കുഴി ഭാഗത്തായാണ് സ്ട്രിപ് ഒട്ടിച്ചത്. അപ്പോഴേക്കും ജനങ്ങള്‍ അറിഞ്ഞു, സെക്കന്റ് ഷോ കാണാന്‍ സാധാരണക്കാരായ ജനങ്ങള്‍ തിയേറ്ററില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ബാല്‍ക്കണിയും ഫസ്റ്റ്ക്ലാസും ഫുള്‍ ആണ്. അതുകൊണ്ട് തന്നെ തിയേറ്ററിലെ പള്‍സറിയാന്‍ പറ്റും എന്ന് ഞങ്ങള്‍ക്ക് തോന്നി.
എന്നാല്‍ ബാല്‍ക്കണിയിലും ഫസ്റ്റ് ക്ലാസിലുമൊക്കെ വേറൊരു കൂട്ടരാണ് എന്ന് അവിടുന്ന് ആരോ പറയുന്നത് കേട്ടു. അത് ഏത് കൂട്ടരാണ് എന്ന് ചോദിച്ചപ്പോള്‍ എല്ലാം പള്ളീലച്ചന്‍മാരാണെന്നായിരുന്നു മറുപടി കിട്ടിയത്. അപ്പോഴാണ് ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കുന്നത്. ശരിയാണ് ഒരാള്‍ക്കും മീശയില്ല. എല്ലാവരും പാന്റും ഷര്‍ട്ടും ഒക്കെ ഇട്ടാണ് എത്തിയത്. ളോഹയൊന്നും ഉണ്ടായിരുന്നില്ല’, സാജന്‍ പറഞ്ഞു.
പടം തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഡയലോഗിനൊക്കെ സെക്കന്റ് ക്ലാസില്‍ നിന്നും തേര്‍ഡ് ക്ലാസില്‍ നിന്നും കയ്യടി വരുന്നുണ്ട്. എന്നാല്‍ ഇവര്‍ കയ്യടിക്കുന്നൊന്നുമില്ല.
ബാല്‍ക്കണിയുടെ ജനലിനകരികെയൊക്കെ നിന്നാണ് ഞാന്‍ പടം കാണുന്നത്. പടം ഒരു ആരവത്തിലേക്ക് പോകുകയാണ്. ഇന്റര്‍വെല്ലില്‍ കാളിയാര്‍ അച്ചനാണ് കൊലയാളിയെന്ന് അറിഞ്ഞ് അറസ്റ്റു ചെയ്യാന്‍ വേണ്ടി നില്‍ക്കുകയാണ്. ഇന്റര്‍വെല്ലില്‍ അച്ചന്‍മാര്‍ എല്ലാം പുറത്തേക്കിറങ്ങി. ഇവരുടെ മുഖം കാണാന്‍ വയ്യ.
എന്റെ കൂടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെബാസ്റ്റ്യന്‍ ഉണ്ട്. ‘ചേട്ടാ ഇത് നമ്മളാണെന്ന് അറിഞ്ഞാല്‍ ഇവിടെ ഇപ്പോള്‍ അടി തുടങ്ങും’ എന്ന് അവന്‍ പറഞ്ഞു. ഒരു വിധത്തില്‍ ക്ലൈമാക്‌സ് ആയി. സാധാരണക്കാരായ ആളുകള്‍ അവിടെ നിന്ന് കയ്യടിക്കുകയും നല്ല രീതിയില്‍ ബഹളം വെക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. 15 മിനുട്ടിനുള്ളില്‍ തിയേറ്റര്‍ കാലിയായി. അവിടെ നിന്നും തിരിച്ചു പോകുമ്പോള്‍ തന്നെ പടം ഹിറ്റായെന്ന് മനസ്സിലായി’, എ.കെ സാജന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Crime File Movie Script Writter A.K. Sajan Share Funny Experience