| Wednesday, 14th August 2024, 10:28 pm

സ്വാമി ഗാംഗേശാനന്ദയ്ക്ക് തിരിച്ചടി; ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രവുമായി ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗാംഗേശാനന്ദയ്ക്ക് തിരിച്ചടി. കേസില്‍ സ്വാമി ഗാംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക ഉപദ്രവം ചെറുക്കുന്നതിനായാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

ഉറക്കത്തില്‍ ആക്രമിക്കപ്പെട്ടതാണെന്ന ഗാംഗേശാനന്ദയുടെ മൊഴി ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കളവാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.

സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രണ്ട് കേസുകളാണ് എടുത്തിരുന്നത്. അതില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആദ്യ കേസിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം നല്‍കിയത്. അതേസമയം പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം നല്‍കുമെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇത് അടുത്ത ആഴ്ചക്കകം നല്‍കുമെന്നാണ് സൂചന.

അതേസമയം ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇക്കാരണത്താല്‍ കുറ്റപത്രത്തിന് സാധുതയുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു.

തുടര്‍ന്ന്, ആദ്യ മൊഴിയില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയെങ്കിലും കുറ്റപത്രമായി മുന്നോട്ടുപോകാമെന്നും പെണ്‍കുട്ടിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ കോടതിയില്‍ പറയട്ടെയെന്നും നിയമോപദേശം ലഭ്യമായത് അനുസരിച്ചാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്.

ഏഴ് വര്‍ഷം മുമ്പ്, 2017 മെയ് 19നാണ് ജനനേന്ദ്രിയം മുറിച്ച കേസുണ്ടാകുന്നത്. സംഭവം വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. തിരുവനന്തപുരത്ത് പേട്ടയില്‍ പൂജക്കെത്തിയ ഒരു വീട്ടില്‍ നിന്നാണ് ജനനേന്ദ്രിയം മുറിച്ച നിലയില്‍ ഗംഗേശാനന്ദയെ കണ്ടെത്തുന്നത്.

Content Highlight: Crime branch with charge sheet in genital mutilation case

We use cookies to give you the best possible experience. Learn more