| Wednesday, 25th April 2018, 2:22 pm

വരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലേക്ക് വിട്ടു. അഞ്ചു ദിവസത്തേക്കാണ് ചോദ്യം ചെയ്യലുകള്‍ക്കായി ദീപക്കിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.ഐ യെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ദീപക്കിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ശ്രീജിത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ദീപക് അറസ്്റ്റിലാകുന്നത്. ശ്രീജിത്തിന്റെ സഹതടവുകാര്‍ ദീപക്കിനെതിരെ സാക്ഷി പറഞ്ഞത് കേസില്‍ പ്രധാന വഴിത്തിരിവായിരുന്നു.


ALSO READ: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; കേസിലെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഐ.പി.എസ് പട്ടികയില്‍


സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാം മുറയ്ക്ക് ഇരായിട്ടുണ്ടെന്നും നിരന്തരം ഓരോരുത്തരെയായി തെരഞ്ഞ് പിടിച്ച് ദീപക് മര്‍ദ്ദിക്കുമായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സെല്ലില്‍ നിന്ന് ഓരോ സമയത്ത് ഓരോ ആളുകളെ പുറത്തിറക്കി കൈകള്‍ പുറകില്‍ കെട്ടി ബെഞ്ചില്‍ കിടത്തി മര്‍ദ്ദിക്കുമെന്നും സ്റ്റേഷനില്‍ ദീപക് മാത്രമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.ഐ.ദീപക് ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും കൂട്ടുപ്രതികള്‍ പറഞ്ഞു. ശ്രീജിത്തിന്റെ ഇരു ചെവികളും കൂട്ടിയടിച്ചു. ശ്രീജിത്തിന്റെ അടിവയറ്റില്‍ തൊഴിക്കുന്നത് കണ്ടുവെന്നും ഇവര്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് മുതല്‍ ശനിയാഴ്ച വരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും ശനിയാഴ്ച രാത്രി വരെ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ദീപക്കിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more