| Monday, 12th June 2023, 4:34 pm

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെ. സുധാകരനെ ക്രൈംഞ്ച് ചോദ്യം ചെയ്യും; പ്രതി ചേര്‍ത്തെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ക്രൈംഞ്ച് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് ചോദ്യം ചെയ്യുക.

ബുധനാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന് നോട്ടീസ് നല്‍കി. തട്ടിപ്പ് കേസില്‍ കെ. സുധാകരനെയും പ്രതി ചേര്‍ത്തിട്ടുണ്ടെന്നാണ് സൂചന. സാധാരണ പ്രതികള്‍ക്കാണ് സി.ആര്‍.പി.സി 41 (എ) പ്രകാരം നോട്ടീസ് നല്‍കുക.

14ന് കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈ.എസ്.പിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ മാത്രമാണ് കെ. സുധാകരന് ഈ കേസില്‍ എന്താണ് ബന്ധമെന്നുള്ള വിശദാംശങ്ങള്‍ പുറത്തുവരിക. ഡിവൈ.എസ്.പി റസ്റ്റമാണ് കെ. സുധാകരനെ ചോദ്യം ചെയ്യുക.

കെ. സുധാകരനെതിരെ മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതിക്കാര്‍ തന്നെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിന് പണം നല്‍കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കെ. സുധാകരനും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

 
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട് എന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ട് തന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.പുരാവസ്തു വില്‍പ്പനക്കാരനെന്ന് വ്യാജേന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രം പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

ആ ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും ഉണ്ടായിരുന്നു. സുധാകരനുമായി മോന്‍സണ് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

Content Highlihts: Crime branch takes case against k sudhakaran, kpcc president kerala

We use cookies to give you the best possible experience. Learn more