കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി.
നിര്‍ണായകമായ പല വിവരങ്ങളും മഞ്ജുവില്‍ നിന്ന് ലഭിച്ചുവെന്നാണ് സൂചന. ദിലീപ് നീക്കം ചെയ്ത പല ഫോണ്‍ നമ്പറുകളെ കുറിച്ചും മഞ്ജുവില്‍ നിന്ന് വ്യക്തത വരുത്തിയതായി വിവരമുണ്ട്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
മഞ്ജു ഡാന്‍സ് കളിക്കാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും ഇക്കാര്യം പറഞ്ഞുകൊണ്ട് രാത്രി ഒന്നരയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്നും ആക്രോശിച്ചിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.
തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മഞ്ജു ഏറ്റുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
ആ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിച്ചുവെന്നും പരിപാടിയുടെ പ്രതിഫലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് പറഞ്ഞുറപ്പിച്ചതിന്റെ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചത്. ഇതില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെയാണ് ദിലീപ് ആക്രോശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും താന്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍, 14 വര്‍ഷം കൂടെ താമസിച്ച നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നലെ വന്ന തനിക്കാണോ സ്വാധീനിക്കാന്‍ കഴിയുക എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ രൂക്ഷമായ സംഭാഷണം ഉണ്ടായതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
Content Highlights: Crime Branch take Manju Warrier’s statement