സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ എനിക്ക് പങ്കില്ല, അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം: എസ്. കൃഷ്ണകുമാര്‍
Kerala News
സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ എനിക്ക് പങ്കില്ല, അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം: എസ്. കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th February 2022, 2:50 pm

ന്യൂദല്‍ഹി: സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എ.സിയില്‍ സി.എസ്.ആര്‍ ഡയറക്ടറായി നിയമിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

‘സ്വപ്‌നയുടെ നിയമനത്തിന് നിയമ സാധുതയില്ല. എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡുമായി കൂടിയാലോചിക്കാതെ അജി കൃഷ്ണന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്. യഥാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിനെ വിവരമറിയിക്കാതെ എച്ച്.ആര്‍.ഡി.എ.സിയുടെ ഒഫീഷ്യല്‍ വെബസൈറ്റില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കി, ഡയറക്ടര്‍ ബോര്‍ഡ് ചേരാതെ നിലവിലെ ചെയര്‍മാനായ എന്നോട് അനുവാദം ചോദിക്കാതെയാണ് സ്വപ്നക്ക് നിയമനം നല്‍കിയത്.

സംഘടനക്ക് ഒരുതരത്തിലുള്ള സി.എസ്.ആര്‍ ഫണ്ടും കിട്ടുന്നില്ല. അതിനുള്ള പ്രധാന കാരണം അജി കൃഷ്ണന്റെ പ്രവര്‍ത്തനം കൂടിയാണ്. വലിയ ഫണ്ട് കിട്ടാനുണ്ടെന്ന് പറഞ്ഞ് അജി കൃഷ്ണ ജനങ്ങളെ ചതിക്കുകയാണ്. ആളുകളെ പറഞ്ഞ് പറ്റിച്ച് സംഘടനയിലേക്ക് പണം നിക്ഷേപിക്കാന്‍ പറയുകയാണ്. നിയമവിരുദ്ധമായാണ് അജി പ്രവര്‍ത്തിക്കുന്നത്. അഞ്ച് കൊല്ലത്തെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സംഘടനയുടെ വരവ് ചെലവ് കണക്ക് കൂടി കണ്ടെത്തണം,’ കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, സ്വപ്‌ന സുരേഷ് എച്ച്.ആര്‍.ഡി.എസില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.

വന്‍കിട കമ്പനികളില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് സ്വപ്നക്ക് ലഭിച്ചത്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണം ഉള്‍പ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണെങ്കിലും കുറ്റക്കാരിയായി കോടതി വിധിച്ചിട്ടില്ലെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു പ്രതിയ ശിവശങ്കര്‍ ജോലിയില്‍ പ്രവേശിച്ചിട്ടും സ്വപ്നയെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നും അജി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.


Content Highlights: Crime Branch should take investigation against Aji Krishnan said by S Krishnakumar