തിരുവനന്തപുരം: നടി സണ്ണി ലിയോണി പറയുന്നത് കള്ളമാണെന്ന് പരാതിക്കാരന്‍ പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്. സംഘാടകരുടെ ഇടപെടല്‍ മൂലം പരിപാടി പലവട്ടം മാറ്റിയെന്ന വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഷിയാസ് പറഞ്ഞത്. ന്യൂസ് 18നോടായിരുന്നു ഷിയാസിന്റെ പ്രതികരണം.
ധനനഷ്ടം മൂലം താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഷിയാസ് പറഞ്ഞു. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ വരാതെ പറ്റിച്ചെന്നുമാണ് സണ്ണി ലിയോണിക്കെതിരായ പരാതി.
താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സണ്ണി ലിയോണി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
സംഘാടകരുടെ അസൗകര്യമാണ് പരിപാടി മുടങ്ങാന്‍ കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
എന്നാല്‍ 2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സണ്ണി ലിയോണി അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ് ഫിനാലെ പരിപാടിക്കാണ് പദ്ധതിയിട്ടത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് സണ്ണിയുടെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിച്ചതെന്നാണ് ഷിയാസ് പറഞ്ഞത്.
സംഘാടകരുടെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം 30ല്‍ നിന്ന് 25 ലക്ഷമാക്കി സണ്ണി ലിയോണി കുറച്ചിരുന്നു. എന്നാല്‍ രണ്ട് തവണയായി പണം വാങ്ങിക്കുകയും ചെയ്തു. താരത്തിന്റെ കൂടെ സമ്മതത്തോടെ 2019 ഫെബ്രുവരി 14 ന് അങ്കമാലിയിലേക്ക് പരിപാടി മാറ്റി. എന്നാല്‍ പുതുവത്സരത്തിന് മുമ്പ് പരിപാടിയുടെ പ്രമോഷനില്‍ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും തയ്യാറായില്ല.
അങ്കമാലിയിലെ പരിപാടിയുടെ തലേന്നാള്‍ കൊച്ചിയിലെത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ച് ട്വീറ്റ് ചെയ്യുകയാണ് ഉണ്ടായത്. വലിയ പരിപാടിയെന്ന നിലയില്‍ വമ്പന്‍ ക്രമീകരണങ്ങളാണ് അങ്കമാലിയില്‍ സജ്ജമാക്കിയിരുന്നത്. അവസാന നിമിഷം പരിപാടി ഉപേക്ഷിക്കേണ്ടി വന്നതിലൂടെ രണ്ടരക്കോടിയോളം രൂപ നഷ്ടമായി. താന്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് ഷിയാസ് പറഞ്ഞത്.
അതേസമയം പരാതിക്കരന്റെയും താരത്തിന്റെയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങളുടെ പരിധിയില്‍ പെടുന്നതല്ല ഈ സംഭവങ്ങളെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക