നാദാപുരം: നാദാപുരം പാറക്കടവില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട പരാതിയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് അഡ്വ. വസന്തം ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം ഡൂള്‍ ന്യൂസിനു ലഭിച്ചു.
കുട്ടി പീഡനത്തിനു ഇരയായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.
അന്വേഷണത്തിന്റെ ഭാഗമായി 85ല്‍ അധികം സാക്ഷികളെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞതനുസരിച്ച് 14-11-2014നു ലോക്കല്‍ പോലീസ് ആരോപണ വിധേയരായ രണ്ട് വിദ്യാര്‍ത്ഥികളെയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ഇവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമായത്. മറ്റ് ചില വിദ്യാര്‍ഥികളെക്കൂടി പെണ്‍കുട്ടി മാറി മാറി കാണിക്കുന്നുണ്ടായിരുന്നു. ആരോപണ വിധേയരായ ആണ്‍കുട്ടികള്‍ക്കെതിരെ യാതൊരു തെളിവും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്‌കൂള്‍ കാന്റീനിലെ കുക്കായ അബൂബക്കറിനെയും പ്ലബ്ബറായ അബ്ദുല്‍ ഹക്കീമിനെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരാരും തന്നെ ആരോപണ വിധേയരായവര്‍ പെണ്‍കുട്ടി സംഭവം നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതു കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കുട്ടിയെ വൈദ്യ പരിശോധന നടത്തിയ റിപ്പോര്‍ട്ടും പരാതിക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ ഇതിനകം തന്നെ ശേഖരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകള്‍ നല്‍കിയ ഡോക്ടര്‍മാരെയും ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ആത്മജ നായര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെയുടെ ലൈംഗിക അവയവത്തിന്റെ മുകളില്‍ മുറിവുകള്‍ നഖം കൊണ്ടുണ്ടായവതാവാമെന്നു പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ യോനിയില്‍ മറ്റ് പരുക്കുകളൊന്നും ഇല്ലെന്നും പറയുന്നു. യോനിക്കു മുകളിലുള്ള മുറിവ് ലൈംഗിക പീഡനം മൂലമുണ്ടായതാണോയെന്ന് ഉറപ്പിച്ചു പറയാന്‍ തനിക്ക് ആവില്ലെന്നും ഡോക്ടര്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.