തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജിലന്‍സ് എസ്.പി ആര്‍ സുകേശനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തില്‍ സുകേശന് വീഴ്ചപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.
അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നുവെന്നും വിവരങ്ങള്‍ പുറത്തുവിട്ട സുകേശന്റെ നടപടി നിയമവിരുദ്ധമാണെന്നും അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നുമാണ് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുകേശന്‍ കേസ് അന്വേഷിച്ചത് മുന്‍ധാരണകള്‍ വച്ചാണ്. ഈ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് സമര്‍പ്പിച്ചു.
സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയ വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സെന്റ് എം. പോള്‍ നടത്തിയ ഇടപെടലുകള്‍ ശരിയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടും. അന്വേഷണ സമയത്ത് കണ്ടെത്തിയ വിവരങ്ങള്‍ കണക്കിലെടുക്കാതെ സുകേശന്‍ തിടുക്കത്തില്‍ നിഗമനങ്ങളിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സുകേശനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളാനാണ് സാധ്യത.
ബാര്‍ കോഴ ആരോപണങ്ങളുടെ അന്വേഷണത്തിനിടെ വിജിലന്‍സ് എസ്.പി ആര്‍ സുകേശന്‍ ബിജു രമേശുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ആരോപണുണ്ടായിരുന്നു.
മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചുവെന്ന ശബ്ദരേഖ പരിശോധിച്ചാണ് ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ഉത്തരവിട്ടതും. അതില്‍ സുകേശന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.