സുധാകരനെതിരെ മൊഴിയില്ല; എം.വി. ഗോവിന്ദന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്
Kerala News
സുധാകരനെതിരെ മൊഴിയില്ല; എം.വി. ഗോവിന്ദന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 3:44 pm

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ മൊഴിയുണ്ടെന്ന സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശം തള്ളി ക്രൈംബ്രാഞ്ച്. പോക്‌സോ കേസില്‍ കെ. സുധാകരനെതിരെ മൊഴിയില്ലെന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.

പോക്‌സോ കേസിലല്ല സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 19 മാസങ്ങള്‍ക്ക് മുന്‍പാണ് പുരാവസ്തു കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചകളിലാണ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പുരാവസ്തു കേസുമായി ബന്ധപ്പെട്ടാണ് രണ്ടാം പ്രതിയാക്കിയിട്ടുള്ളത് എന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

മോന്‍സണ്‍ മാവുങ്കല്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. പോക്‌സോ കേസുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

‘ഇന്നത്തെ പ്രധാനവാര്‍ത്ത മോന്‍സണ്‍ മാവുങ്കലിന്റെ വിധിയാണ്. പുരാവസ്തു കേസില്‍ അദ്ദേഹത്തിന്റെ കൂട്ടുപ്രതിയാണ് കെ.പി.സി.സി പ്രസിഡന്റായ കെ.സുധാകരന്‍. മോന്‍സന്റെ 16 കേസില്‍ ഒരു കേസാണിത്. മൂന്ന് ജീവപര്യന്തവും 35 കൊല്ലം കഠിനതടവും. ഇനി ഏത് കേസില്‍ എന്ത് വിധി വന്നാലെന്താ പ്രശ്‌നം. പോക്‌സോ കേസിന്റെ വിധിയാണ് വന്നിരിക്കുന്നത്.

ആ പെണ്‍കുട്ടി പറഞ്ഞത് തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് പറഞ്ഞത് പോക്‌സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ്. സുധാകരന്‍ വേറെ എന്തൊക്കെ വിശദീകരണം നല്‍കിയിട്ടെന്താണ് കാര്യം. വളരെ ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കാണാന്‍ കഴിയും,’ അദ്ദേഹം പറഞ്ഞു.

Content Highlight: Crime branch rejected mv govindan allegation