തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടി മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ടുള്ള മേയര്‍ ആര്യാ രാജ്യന്ദ്രന്റെ പേരിലുള്ള വ്യാജ ശിപാര്‍ശാ കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍ വകുപ്പുകളാണ് പരാതിയിന്മേല്‍ ചുമത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്.ഐ.ആര്‍. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്ക് 295 പേരുടെ താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയറുടെ ലെറ്റര്‍പാഡില്‍ അയച്ച കത്തിലാണ് അന്വേഷണം.
പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കിയത്. കത്ത് വ്യാജമാണെന്ന് ഉറപ്പിക്കാന്‍ ഒറിജിനല്‍ കണ്ടെത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് പ്രാഥമികാന്വേഷണം നടത്തിയ സംഘത്തിന് കിട്ടിയത്. ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനോ പൊലീസിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ചിന് ശിപാര്‍ശ അംഗീകരിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്.
യഥാര്‍ത്ഥ കത്ത് നശിപ്പിച്ച സാഹചര്യത്തില്‍ അത് ആര് തയ്യാറാക്കിയെന്ന് കണ്ടെത്തിയാലേ തെളിവ് നശിപ്പിച്ചതും ഗൂഡാലോചനയും ഉള്‍പ്പടെയുള്ള അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ചിന് നീങ്ങാനാകു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപണ വിധേയനായ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലും പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് നേരിട്ട് മൊഴി നല്‍കിയിരുന്നില്ല.
അതേസമയം, കത്ത് വിവാദത്തില്‍ നഗരസഭയില്‍ പ്രതിപക്ഷ സംഘര്‍ഷം നടക്കുകയാണ്. പ്രതിഷേധവുമായി ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും എത്തിയതോടെ നഗരസഭയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. മേയര്‍ ഡയസിലേക്ക് വരുന്നത് തടയാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്.
ഡയസില്‍ മേയര്‍ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. ഡയസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച വനിതാ കൗണ്‍സിലര്‍മാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഗോ ബാക്ക് വിളികളുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നാല് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൗണ്‍സില്‍ യോഗം തുടര്‍ന്നു.
കത്ത് വിവാദത്തില്‍ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി നഗരസഭയിലേക്ക് തള്ളിക്കയറുകയും ചെയ്തു. കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം നഗരസഭ കവാടത്തിന് പുറത്ത് നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ നഗരസഭക്ക് അകത്തേക്ക് ഓടിക്കയറിയത്.
ഉടനെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ച ശേഷമാണ് മേയര്‍ കോര്‍പറേഷനിലേക്ക് എത്തിയത്
Content Highlight: Crime branch registered Case on Letter Controversy in TVM Corporation