അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി
Kerala
അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 4:44 pm

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയരക്ടറുമായിരുന്ന ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.

ക്രൈംബ്രാഞ്ചിനാണ് അനുമതി നല്‍കിയത്. മെയ് 30 ന് ജേക്കബ്ബ് തോമസ് വിരമിക്കാനിരിക്കെയാണ് നടപടി.

ബിനാമി സ്വത്ത് സമ്പാദന കേസില്‍ ജേക്കബ്ബ് തോമസിനെതിരെ നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ്ബ് തോമസിനെതിരെ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടില്‍ സ്വത്ത് വാങ്ങിയതായി ജേക്കബ്ബ് തോമസ് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരിന് നല്‍കിയ രേഖയില്‍ അക്കാര്യം പറയാത്തതുകൊണ്ട് തന്നെ അത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തടസമില്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ച് സര്‍ക്കാരിനെ അറിയിച്ചത്.

ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തത് ക്രൈം ബ്രാഞ്ച് ആണെങ്കിലും തുടര്‍ അന്വേഷണം വിജിലന്‍സിന് കൈമാറുമെന്നാണ് അറിയുന്നത്.

സര്‍വീസിലിരിക്കേ സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന് പേരില്‍ പുസ്തകം എഴുതിയതും ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രണ്ട് വര്‍ഷത്തോളമായി സസ്‌പെന്‍ഷനലിയാരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചെടുത്തത്. എന്നാല്‍ സേനക്ക് പുറത്ത മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ആയിട്ടായിരുന്നു നിയമനം.

സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച് സര്‍വീസില്‍ തിരികെ എടുത്തെങ്കിലും ഡി.ജി.പി റാങ്കിലുള്ള ജേക്കബ്ബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തിയിരുന്നു. നിരന്തരമായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.

വിവിധ കേസുകളില്‍ പെടുന്നതും തരംതാഴ്ത്തലിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.