നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പോലീസുകാരെ ചോദ്യം ചെയ്തു. അന്വേഷണ രേഖകള്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്രൈബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്.
നാദാപുരം സര്‍ക്കിള്‍ ഓഫീസിലെ പോലീസുകാരനെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.സി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തത്. രണ്ട് സിവില്‍ പോലീസുകാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന പരാതി കിട്ടിയ ഉടന്‍ നാദാപുരം സി.ഐ എ.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കേസന്വേഷണം അട്ടിമറിക്കാനായി സ്‌കൂള്‍ മാനേജ്‌മെന്റിന് അനുകൂലമായി നിലപാടെടുത്ത താമരശേരി ഡി.വൈ.എസ്.പി ജെയ്‌സണ്‍ കെ. എബ്രഹാമിന് ചോര്‍ത്തി നല്‍കി എന്നാണ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഉയര്‍ന്ന പരാതി. ജെയ്‌സണ്‍ കെ. എബ്രഹാമിന്റെ വീട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി എത്തിച്ചു കൊടുത്തു എന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചുവരുത്തിയാണ് ഈ പോലീസുകാരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ട നിന്നു. ഈ രേഖകള്‍ ഹാജരാക്കിയാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ജെയ്‌സണ്‍ കെ. എബ്രഹാം തെറ്റിദ്ധരിപ്പിച്ചിരുന്നത്. മുനീര്‍തന്നെയാണ് പ്രതിയെന്നാണ് ജെയ്‌സണ്‍ ഉന്നതകേന്ദ്രങ്ങളെ ധരിപ്പിച്ചിരുന്നത്.
അന്വഷണ റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് സുരേഷ് കുമാര്‍ ഉന്നത കേന്ദ്രങ്ങളഇലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാരെ ചോദ്യം ചെയ്തത് എന്നാണ് സൂചന.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതുമുതല്‍ കണ്ടെത്തിയ രേഖകള്‍, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ വീഡിയോ സിഡി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവയാണ് ചോര്‍ത്തി നല്‍കിയത്.
നേരത്തെ പ്രതികളെ രക്ഷിക്കാന്‍ വ്യാജപ്രതിയായി ഹാജരാക്കിയ സ്‌കൂള്‍ ബസ് ക്ലീനര്‍ മുനീറിനെ മര്‍ദിച്ച് വീഡിയോയില്‍ പകര്‍ത്തിയ “കുറ്റസമ്മതമൊഴി”യും മൊഴിയടങ്ങിയ സിഡിയുടെ പകര്‍പ്പും ചോര്‍ത്തിയതില്‍പ്പെടുന്നു. മുനീറിന്റെ “കുറ്റസമ്മതമൊഴി” സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മറ്റു ഫയലുകള്‍ക്കിടയില്‍ വച്ചാണ് പാറക്കടവ് പീഡനത്തിന്റെ രേഖകള്‍ പുറത്തുകൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ രേഖകള്‍ താമരശേരി ഡി.വൈ.എസ്.പി താമസിച്ച വടകരയിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ട്.
ജെയ്‌സണ്‍ കെ. എബ്രഹാം നാദാപുരത്തെത്തിയതിന് ശേഷമാണ് വിവരം ചോര്‍ത്തിയ പോലീസുകാരനെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.