| Friday, 18th February 2022, 10:55 am

വധഗൂഢാലോചന കേസ്; നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പ് ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്തിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും കൂട്ടുപ്രതികളെയും ഉടന്‍ തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക.

നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് വിവരം.

ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളില്‍ വിളിച്ച് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സുരാജിന് തിങ്കളാഴ്ച ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണെന്നും ദിലീപ് പറഞ്ഞു.

വധഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ലെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.


Content Highlights: Crime Branch questioned Director Nadirsha on Actress attack case

We use cookies to give you the best possible experience. Learn more