ടാങ്കര്‍ ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala
ടാങ്കര്‍ ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2012, 3:14 pm

തിരുവനന്തപുരം: ചാല ടങ്കര്‍ ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഐ.ജി ഇ. ബിജു കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ കേരളാ പോലീസാണ് ചാല ടാങ്കര്‍ ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണയ്യനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്ത് കൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് കണ്ടാണ് ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.[]

കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ 19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.

കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച ആഗസ്റ്റ് 27ന് രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

അപകടസ്ഥലത്തിന് പരിസരത്ത് താമസിച്ചിരുന്നവരാണ് മരിച്ചവര്‍. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍നിന്ന് മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് യൂണിറ്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഐ.ഒ.സിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറായിരുന്നു അപകടത്തില്‍പെട്ടത്.