| Friday, 18th March 2022, 2:57 pm

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യും; ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ സായ് ശങ്കര്‍ ഉപയോഗിച്ച ഐ-മാക് സിസ്റ്റം പിടിച്ചെടുത്തു: ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്. അഭിഭാഷകര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച ഐ-മാക് സിസ്റ്റം പിടിച്ചെടുത്തതായും എസ്.പി പറഞ്ഞു.

സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നില്ലെങ്കിലും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. പൊലീസ് പീഡനമാരോപിച്ച് കാവ്യ മാധവന്റെ മുന്‍ ജോലിക്കാരന്‍ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹരജിയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് ബൈജു പൗലോസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ദല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വെച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി.

2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതോടെ ഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറിനേയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.


Content Highlights: Crime Branch planning for questioning Dileep’s lawyers

We use cookies to give you the best possible experience. Learn more