കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. എറണാകുളത്ത് മഞ്ജുവുള്ള ഹോട്ടലിലെത്തി നാലു മണിക്കൂറോളം അന്വേഷണ സംഘം മഞ്ജുവില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു മൊഴിയെടുത്തതെന്നാണ് വിവരം.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ആലുവ സ്വദേശിയായ ഡോക്ടര്‍ ഹൈദരലിയും തമ്മിലുള്ള ശബ്ദരേഖ, സുരാജും വി.ഐ.പി ശരത്തും തമ്മിലുള്ള സംഭാഷണം എന്നിവ തിരിച്ചറിയലിന്റെ ഭാഗമായാണ് മൊഴിയെടുത്തത്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന് കേസിന്റെ ആദ്യ ഘട്ടത്തില്‍ മഞജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. 2017 ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞതും മഞ്ജു വാര്യരായിരുന്നു.
നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.
Content Highlights: Crime Branch noted Manju Warrier’s statement in actress attack case