എറണാകുളം: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി.
ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം അന്വേഷണ സംഘം വിചാരണക്കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഇതില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.
Content Highlights: Crime Branch move to Trail court to cancel Dileep’s bail